Latest NewsKeralaNews

ആരോഗ്യ മേഖലയ്ക്ക് അഭിനന്ദനത്തിന് പുറമേ 100 കോടി രൂപയും: മികവിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് കൂടുതല്‍ കേന്ദ്രസഹായം

തിരുവനന്തപുരം•ആരോഗ്യ മേഖലയില്‍ കേരളം കൈവരിച്ച മികച്ച പുരോഗതിയില്‍ അഭിനന്ദനം അറിയിച്ച് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍ സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു. പൊതുജനാരോഗ്യ രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തുന്ന സര്‍ക്കാരിനെയും മുഴുവന്‍ ടീമിനെയും അഭിനന്ദിക്കുന്നതായി കേന്ദ്രമന്ത്രി അറിയിച്ചു. മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ ഫണ്ട് ആരോഗ്യ മേഖലയില്‍ കേരളത്തിനനുവദിക്കും. ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഫണ്ടിന്റെ 10 ശതമാനമാണ് ഇന്‍സെന്റീവായി ലഭിക്കുന്നത്. ഇത് 100 കോടിയോളം രൂപ വരും. ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തിയാല്‍ അടുത്ത വര്‍ഷം ഇതിലും ഉയര്‍ന്ന ആനുകൂല്യങ്ങള്‍ നേടാന്‍ കഴിയുമെന്നും കേന്ദ്രമന്ത്രി ആശംസിച്ചു.

ആരോഗ്യ സ്ഥാപനങ്ങളുടേയും വെല്‍നസ് സെന്ററുകളുടേയും നടത്തിപ്പ്, ദേശീയ മാനസികാരോഗ്യ പദ്ധതി പ്രകാരം ജില്ലകളെ ഉള്‍പ്പെടുത്തിയത്, ജനസംഖ്യാധിഷ്ഠിത ജീവിതശൈലീ രോഗങ്ങളുടെ സ്‌ക്രീനിംഗ്, ഹ്യൂമണ്‍ റിസോഴ്‌സസ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം നടപ്പിലാക്കല്‍, ഗ്രാമീണ, നഗര പ്രദേശങ്ങളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുക എന്നീ 2018-19 ലെ നിബന്ധനകള്‍ നീതി ആയോഗ് സ്റ്റേറ്റ് ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് അനുസരിച്ചാണ് പുരോഗതി വിലയിരുത്തിയത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മികച്ച പുരോഗതിയാണ് ഈ മേഖലകളില്‍ കൈവരിച്ചത്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സമ്പൂര്‍ണ മാനസികാരോഗ്യ പരിപാടി നടത്തുന്നുണ്ട്. ജില്ലാ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മികച്ചതാണ്. 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയിരുന്നു. രണ്ടാം ഘട്ടത്തില്‍ 504 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാനായി തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നു വരുന്നു. ആരോഗ്യ വകുപ്പിലെ കോണ്‍ട്രാക്റ്റ് ജീവനക്കാരുടെ വേതനം, ട്രാന്‍സ്ഫര്‍ എന്നിവ ഓണ്‍ലൈന്‍ ആക്കി. 30 വയസില്‍ കൂടുതലുള്ള 15 ശതമാനത്തിലധികം വ്യക്തികളെ ജീവിതശൈലീ രോഗ പരിശോധനയ്ക്കു വിധേയമാക്കിയിട്ടുണ്ട്.

ആരോഗ്യ മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികള്‍ക്കുള്ള അംഗീകാരമാണിതെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സംസ്ഥാനത്തെ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് മികച്ച സൗകര്യമൊരുക്കി രോഗീ സൗഹൃദമാക്കി വരികയാണ്. ഈ പദ്ധതികളെല്ലാം പൂര്‍ണതയിലെത്തുമ്പോള്‍ ആരോഗ്യ മേഖലയില്‍ വളരെ വലിയ നേട്ടങ്ങള്‍ കൈവരിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button