തിരുവനന്തപുരം•മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലും വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭയിലേക്കും ലോക്സഭയിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളിലും നരേന്ദ്രമോദി സര്‍ക്കാരിനുണ്ടായ കനത്ത പരാജയം ഇന്ത്യയിലെ ജനങ്ങള്‍ മോദി സര്‍ക്കാരിനെ കൈവിട്ടു തുടങ്ങിയിരിക്കുന്നു എന്നതിന്‍റെ പ്രകടമായ തെളിവാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി അഭിപ്രായപ്പെട്ടു.
മഹാരാഷ്ട്രയിലും, ഹരിയാനയിലും കോണ്‍ഗ്രസ്സിനും യു.പി.എയ്ക്കുമുണ്ടായ വമ്പിച്ച മുന്നേറ്റം ബി.ജെ.പിയേയും കേന്ദ്ര സര്‍ക്കാരിനേയും ഞെട്ടിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ വര്‍ഗ്ഗീയതയും മതഭ്രാന്തും കൊണ്ട് മറികടക്കാമെന്നാണ് ബി.ജെ.പിയും നരേന്ദ്ര മോദിയും ധരിക്കുന്നതെങ്കില്‍ ജനങ്ങള്‍ തക്ക സമയത്ത് പ്രതികരിക്കുമെന്നതിന്‍റെ ഉദാഹരണമാണ് ഈ തെരഞ്ഞെടുപ്പിലുണ്ടായിരിക്കുന്ന ബി.ജെ.പിയുടെ തകര്‍ച്ച.
നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ മഹാരാഷ്ട്രയിലും ഹരിയാനയിലും ബി.ജെ.പി അധികാരത്തില്‍ വരുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങളെപ്പോലും തള്ളിയാണ് ബി.ജെ.പിയുടെ തകര്‍ച്ച. മഹാരാഷ്ട്രയിലും ഹരിയാനയിലും ഗവണ്മെന്‍റുണ്ടാക്കാനുള്ള ഭൂരിപക്ഷമില്ലെങ്കിലും ബി.ജെ.പിയുടെ പല വമ്പډാരെയും പരാജയപ്പെടുയതും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികള്‍ ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജയിച്ചതും നരേന്ദ്രമോദി സര്‍ക്കാരിനോടുള്ള ജനങ്ങളുടെ ഒടുങ്ങാത്ത രോഷപ്രകടനമായാണ് കാണേണ്ടത്.
പ്രതിപക്ഷ പാര്‍ട്ടികളെ അടിച്ചമര്‍ത്താനും, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പോലും അവസരം നല്‍കാതെ ഭരണ യന്ത്രം ദുരുപയോഗം ചെയ്ത മോദി സര്‍ക്കാരും ബി.ജെ.പിയും, സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരുകളും ആവുന്നത്ര ശ്രമിച്ചിട്ടും അവര്‍ക്ക് കനത്ത തിരിച്ചടിയുണ്ടായി.
കോടിക്കണക്കിന് രൂപ ഇലക്ഷന്‍ഫണ്ട് വാരി വിതറിക്കൊണ്ട് ആഢംഭരവും ആര്‍ഭാടവും നിറഞ്ഞ പ്രചരണ പരിപാടികള്‍ നടത്തിയിട്ടും ബി.ജെ.പിക്ക് തിളക്കമില്ലാത്ത വിജയമാണ് ലഭിച്ചത്. ഇത് ഇന്ത്യയിലെ ജനങ്ങള്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പാണ്.
പ്രധാനമന്ത്രിയുടെ കാപട്യം നിറഞ്ഞ പ്രസംഗം കൊണ്ടും വര്‍ഗ്ഗീയ ഫാസിസം കൊണ്ടും ഇന്ത്യയിലെ ജനങ്ങളെ അധികകാലം കബളിപ്പിക്കാനാവില്ലെന്നാണ് വോട്ടര്‍മാര്‍ നല്‍കുന്ന സന്ദേശം. തങ്ങള്‍ക്കാവശ്യം യുദ്ധവും വര്‍ഗ്ഗീയതയുമല്ല, മറിച്ച് ജീവിക്കാന്‍ തൊഴിലും കഴിക്കാന്‍ ഭക്ഷണവുമാണ്. ഇത് നല്‍കാന്‍ കഴിയാത്ത നരേന്ദ്രമോദി സര്‍ക്കാര്‍ മതത്തെ ഉപയോഗിച്ചും ന്യൂനപക്ഷങ്ങളെ വേട്ടയാടിയും അധികാരത്തിന്‍റെ സിംഹാസനത്തില്‍ കടിച്ചു തൂങ്ങാമെന്നുള്ള വ്യാമോഹത്തിന് ലഭിച്ച കനത്ത തിരിച്ചടിയാണ് ബി.ജെ.പിയ്ക്ക് രാജ്യത്താകെ ഉണ്ടായിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേര്‍ന്ന് നടത്തിക്കൊണ്ടിരിക്കുന്ന വര്‍ഗ്ഗീയ ഫാസിസ്റ്റ് ഭരണത്തിനെതിരെയുള്ള ശക്തമായ താക്കീതാണ് ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്കുണ്ടായ വന്‍ വോട്ട് ചോര്‍ച്ചയെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.
Post Your Comments