കാസർഗോഡ് : ശക്തമായ കാറ്റിലും മഴയിലും ഉപജില്ല കലോത്സവ വേദി തകര്‍ന്നു വീണു. കാസർഗോഡ് കൊളത്തൂർ ഗവ.ഹൈസ്കൂളിൽ മത്സരം നടന്നുകൊണ്ടിരിക്കെ സംസ്കൃതോത്സവം വേദിയും പന്തലുമാണ് തകർന്നു വീണത്. അപകടം മനസിലാക്കി പന്തലിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തിൽ ഒരു അദ്ധ്യാപകന് പരിക്കേറ്റതായാണ് വിവരം. വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ പല സ്കൂളുകളില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥികളാണ് എത്തുന്നത്. ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ചത്തെ പരിപാടികള്‍ മാറ്റിവെക്കാതിരുന്നത് ആക്ഷേപത്തിന് ഇടയാക്കി.
Also read : ക്യാര്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കേരള തീരത്ത് അതീവ ജാഗ്രത; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
അതേസമയം കാസർഗോഡ് നഗരത്തിനടുത്ത് കറന്തക്കാട് ശക്തമായ കാറ്റിൽ മരം വീണത് ദേശീയപാതയിൽ ഗതാഗത തടസ്സത്തിന് കാരണമായി. രാവണീശ്വരം ജിഎച്എസ് സ്കൂളിന്റെ കെട്ടിടത്തിന് മുകളിലേക്കാണ് മരം വീണത്. സ്‌കൂൾ കെട്ടിടം തകർന്നു. അവധിയായിരുന്നതിനാൽ വലിയ അപകടമുണ്ടായില്ല. കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കാസര്‍ഗോഡ് ഉള്‍പ്പെടെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. കൂടാതെ ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു.
Post Your Comments