സോച്ചി: സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനൊരുങ്ങി തുര്‍ക്കി. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി തുര്‍ക്കി പ്രസിഡന്റ് തയ്യിപ്പ് എര്‍ദോഗന്‍ സോച്ചിയില്‍ നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് പിന്മാറ്റം. 150 മണിക്കൂറിനുള്ളില്‍ സേനാ പിന്മാറ്റം പൂര്‍ത്തിയാക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് വ്യക്തമാക്കി. സേനാ പിന്മാറ്റത്തിന് ശേഷം മേഖലയില്‍ റഷ്യയുമായി ചേര്‍ന്ന് സംയുക്ത പട്രോളിംഗ് നടത്തുമെന്നും എര്‍ദോഗന്‍ പറഞ്ഞു.
മുന്‍പ് സിറിയയിലെ കുര്‍ദുകളെ ലക്ഷ്യമിടുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന ലോകരാജ്യങ്ങളുടെ ആവശ്യം തുര്‍ക്കി തള്ളിയിരുന്നു. കുര്‍ദിഷ് നേതൃത്വത്തിലുള്ള സിറിയന്‍ ഡെമോക്രാറ്റിക് സൈന്യം ആയുധം താഴെ വയ്ക്കുന്നതുവരെ സിറിയയിലെ സൈനിക നടപടി അവസാനിപ്പിക്കില്ലെന്നായിരുന്നു തുര്‍ക്കിഷ് പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്‍ ഇതുവരെ എടുത്തിരുന്ന നിലപാട്.
കുര്‍ദ്ദുകള്‍ക്ക് സഹായവുമായെത്തിയ സിറിയന്‍ സൈന്യത്തിനൊപ്പം റഷ്യന്‍ പട്ടാളവും ചേര്‍ന്നതോടെ പ്രദേശത്തെ സ്ഥിതി സങ്കീര്‍ണമായിരുന്നു. ഇതേത്തുടര്‍ന്ന് അമേരിക്കയ്ക്ക് പുറമെ ബ്രിട്ടണ്‍, സ്‌പെയിന്‍, സ്വീഡന്‍ എന്നീ രാജ്യങ്ങളും തുര്‍ക്കിയിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ റക്ഷ്യ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ തുര്‍ക്കി പിന്മാറുകയായിരുന്നു.
Post Your Comments