ന്യൂഡല്‍ഹി : ഐ.എന്‍.എക്സ്. മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ ജാമ്യം സംബന്ധിച്ച് സിബിഐയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം . സിബിഐ ഉന്നയിക്കുന്ന വെറും ഊഹാപോഹങ്ങളുടെ പേരില്‍ ചിദംബരത്തിന് ജാമ്യം നിഷേധിക്കാനാവില്ലെന്ന് സുപ്രീം കോടതി .കേസില്‍ ഇന്നാണ് സുപ്രീം കോടതി ചിദംബരത്തിന് ജാമ്യം അനുവദിച്ചത്.
Read Also : കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി
ജാമ്യം ലഭിച്ചാല്‍ ചിദംബരം സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചേക്കുമെന്ന് സിബിഐ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ചിദംബരം സാക്ഷികളെ സ്വാധീനിക്കുമെന്ന ആരോപണത്തിന് യൊതൊരു തെളിവും ഹാജരാക്കാന്‍ സിബിഐയ്ക്ക് സാധിച്ചിട്ടില്ലെന്ന് ജസ്റ്റിസ് ആര്‍. ഭാനുമതി അധ്യക്ഷയായ ബെഞ്ച് ചൂണ്ടിക്കാട്ടി.
സാമ്പത്തിക കുറ്റകൃത്യം നടത്തിയ കേസിലെ പ്രതികള്‍ രാജ്യംവിടുന്നത് ഒരു ദേശീയ പ്രതിഭാസമാണെന്ന് ചൂണ്ടിക്കാട്ടിയ സിബിഐ അഭിഭാഷകന്റെ വാദവും കോടതി തള്ളി. കേസില്‍ രാജ്യംവിടാന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ ചിദംബരത്തിന് നേരത്തെ അതിന് അവസരമുണ്ടായിരുന്നെന്ന് കോടതി പറഞ്ഞു.ചിലര്‍ അങ്ങനെ ചെയ്തിട്ടുണ്ടെന്നതിന്റെ പേരില്‍ മാത്രം ചിദംബരത്തിന്റെ പേരില്‍ അത്തരമൊരു ആരോപണം ഉന്നയിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസിലാണ് സുപ്രീംകോടതി ചൊവ്വാഴ്ച ജാമ്യം അനുവദിച്ചത്. നിലവില്‍ ഐ.എന്‍.എക്സ്. മീഡിയ കേസിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണ് ചിദംബരം.
Post Your Comments