
ന്യൂഡല്‍ഹി: ഏഴാം ശമ്പള കമ്മീഷന്റെ ശിപാര്‍ശകള്‍ ഇനി ജമ്മു കശ്മീരിലും ലഡാക്കിലും ബാധകം. ജമ്മു കശ്മീര്‍ സംസ്ഥാനം വിഭജിച്ച് രൂപീകരിച്ച രണ്ട് പുതിയ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ കൂടി ഏഴാം ശമ്പള കമ്മീഷന്‍ ബാധകമാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. ജമ്മുവിലെയും ലഡാക്കിലെയും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിലവില്‍ ജമ്മു കശ്മീര്‍ സംസ്ഥാനത്തിന്റെ അടിസ്ഥാനത്തിലുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമാണ് ലഭിക്കുന്നത്.
എന്നാല്‍ സംസ്ഥാനം വിജഭിച്ച് കേന്ദ്രഭരണ പ്രദേശങ്ങള്‍ രൂപീകരിച്ചതോടെ ഇവരും കേന്ദ്രസര്‍ക്കാരിന് കീഴിലും കേന്ദ്ര ശമ്പള കമ്മീഷന്റെ കീഴിലും വരും. ഇതാണ് ജീവനക്കാര്‍ക്ക് അനുകൂല ഘടകമായത്. ഒക്‌ടോബര്‍ 31 മുതല്‍ ഏഴാം ശമ്പള കമ്മീഷന്‍ ശിപാര്‍ശകള്‍ ജമ്മു കശ്മീരിലും ലഡാക്കിലും നിലവില്‍ വരും. ഇതോടെ ജമ്മുവിലെയും ലഡാക്കിലെയും നാലര ലക്ഷം ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ഏഴാം ശമ്പള കമ്മീഷന്‍ ശിപാര്‍ശകള്‍ ബാധകമാകുന്നതോടെ ശമ്പള വര്‍ദ്ധനവിന് പുറമെ കുട്ടികളുടെ വിദ്യാഭ്യാസ അലവന്‍സ്, യാത്രാ അലവന്‍സ്, എല്‍.ടി.സി, മെഡിക്കല്‍ അലവന്‍സ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും. ഇക്കഴിഞ്ഞ ഓഗസ്റ്റ് 5നാണ് കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തത്.
Post Your Comments