ദില്ലി: മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി അധികാരത്തിൽ തുടരുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ലോക്സഭാ ഫലം കൃത്യമായി പ്രവചിച്ച ഇന്ത്യാടുഡെ മൈ ഇന്ത്യ ആക്സിസ് മഹാരാഷ്ട്രയിൽ ആകെയുള്ള 288 സീറ്റിൽ ബിജെപി-ശിവസേന സഖ്യത്തിന് 194 വരെ നല്‍കുന്നുണ്ട്.കോൺഗ്രസ്-എൻസിപി സഖ്യം 72 മുതൽ 90 വരെ നേടും. സർക്കാർ രൂപീകരണത്തിൽ ശിവസേനയുടെ സമ്മർദ്ദം നേരിടേണ്ടി വരും എന്ന സൂചനയാണ് ഈ സർവ്വേ നല്‍കുന്നത്.145 സീറ്റാണ് ഭരിക്കാൻ വേണ്ട ഭൂരിപക്ഷം.
എന്നാൽ മറ്റെല്ലാ സർവേകളും ബിജെപി ഒറ്റയ്ക്ക് മാന്ത്രികസംഖ്യക്ക് അടുത്തെത്തിയേക്കും എന്ന സൂചന നല്‍കുന്നു. ഹരിയാനയിൽ മനോഹർലാൽ ഖട്ടറിനും രണ്ടാമൂഴമാണ് എല്ലാ സർവേകളും സൂചിപ്പിക്കുന്നത്. എബിപി ന്യൂസ് 72 സീറ്റ് ബിജെപിക്കും എട്ട് സീറ്റുകൾ കോൺഗ്രസിനും പ്രവചിക്കുന്നു. ന്യൂസ് 18 ഇഫ്പോസ് 90ൽ 75 സീറ്റ് ബിജെപിക്ക് നൽകുന്നു. കോൺഗ്രസ് പത്ത് സീറ്റിൽ ഒതുങ്ങുമെന്നാണ് പ്രവചനം. ടൈംസ് നൗ 71 സീറ്റ് ബിജെപിക്കും 11 സീറ്റ് കോൺഗ്രസിനും പറയുന്നു.
റിപ്പബ്ലിക് ജൻകിബാത്ത് 55 മുതൽ 63 സീറ്റ് മാത്രമേ ബിജെപിക്ക് നല്‍കുന്നുള്ളു. ദേശീയത മുഖ്യവിഷയമാക്കിയുള്ള പ്രചാരണവും സംസ്ഥാനങ്ങളിലെ നേതൃത്വവും ബിജെപിയെ കാര്യമായി സഹായിച്ചു എന്നാണ് എക്സിറ്റ് പോളുകൾ നല്‍കുന്ന സൂചന.അതെ സമയം
കോണ്‍ഗ്രസിനും സഖ്യകക്ഷികൾക്കും പ്രതീക്ഷക്ക് വകയുള്ളതൊന്നും എക്സിറ്റ് പോളുകളില്‍ കാണുന്നില്ല.
Post Your Comments