ചെന്നൈയില്‍ : മണ്‍സൂണ്‍ ശക്തി പ്രാപിച്ചതോടെ തമിഴ്നാട്ടില്‍ വ്യാപക മഴ. അടുത്ത 3 ദിവസം ശക്തമായ മഴ ലഭിക്കുമെന്നു ചെന്നൈ മേഖലാ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചെന്നൈയിലും പുതുച്ചേരിയിലും പരക്കെ മഴ ലഭിക്കും. തെക്ക് കിഴക്കന്‍ ദിശ ലക്ഷ്യമാക്കി നീങ്ങിയിരുന്ന മഴക്കാറ്റ് കിഴക്ക് ദിശയിലേക്കു തിരിഞ്ഞതാണ് തമിഴ്നാട്ടില്‍ കൂടുതല്‍ മഴയെത്താന്‍ കാരണമെന്നു കാലാവസ്ഥാ വിദഗ്ധര്‍ പറഞ്ഞു.
ഒക്ടോബര്‍ 25 വരെ തമിഴ്നാട്ടിലുടനീളം മഴ ലഭിക്കുമെന്നാണു വിലയിരുത്തല്‍. കഴിഞ്ഞ 48 മണിക്കൂറിനിടെ നീലഗിരി ജില്ലയിലെ ദേവാലയിലാണു കൂടുതല്‍ മഴ ലഭിച്ചത്. (13 സെന്റീമീറ്റര്‍). കന്യാകുമാരി ജില്ലയിലെ ശിവലോകം (12), നാമക്കല്‍ ജില്ലയിലെ കുമാരപാളയം (6), ഈറോഡ് ജില്ലയിലെ സത്യമംഗലം (6), തിരുനെല്‍വേലിയിലെ ശങ്കരന്‍കോവില്‍ (6), കോയമ്പത്തൂര്‍ ജില്ലയിലെ മേട്ടുപ്പാളയം (6) എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിച്ചു
അടുത്ത 48 മണിക്കൂറില്‍ തമിഴ്നാടിന്റെ ഉള്‍പ്രദേശങ്ങളില്‍ മിതമായ മഴ ലഭിക്കും. നീലഗിരി, കോയമ്പത്തൂര്‍, ഡിണ്ടിഗല്‍, തേനി, ഈറോഡ്, കന്യാകുമാരി, തിരുനെല്‍വേലി, കടലൂര്‍, നാഗപട്ടണം എന്നീ ജില്ലകളിലും ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.
Post Your Comments