Kerala

മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് അസുഖ ബാധിതര്‍ക്കായുള്ള പ്രത്യേക ചികിത്സാ പദ്ധതിക്ക് ഭരണാനുമതി

തിരുവനന്തപുരം: സംസ്ഥാന സാമൂഹ്യനീതി വകുപ്പ് സാമൂഹ്യ സുരക്ഷ മിഷന്‍ വഴി നടപ്പിലാക്കുന്ന അനുയാത്ര പദ്ധതിയുടെ ഭാഗമായി തലച്ചോറിലെ നാഡി വ്യൂഹത്തെ ബാധിക്കുന്ന മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് (Multiple Sclerosis) അസുഖ ബാധിതര്‍ക്കായുള്ള പ്രത്യേക ചികിത്സാ പദ്ധതിക്ക് 93.33 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് വഴിയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വഴിയുമാണ് ആദ്യ ഘട്ടത്തില്‍ സൗജന്യ ചികിത്സ ലഭ്യമാക്കുന്നത്. തുടക്കത്തില്‍ തലസ്ഥാനത്ത് നടപ്പിലാക്കുന്ന ഈ പദ്ധതി മറ്റ് മെഡിക്കല്‍ കോളേജിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

തലച്ചോറിലെ നാഡിവ്യൂഹത്തിലുണ്ടാകുന്ന അപചയങ്ങളെ തുടര്‍ന്നുണ്ടാകുന്ന സങ്കീര്‍ണമായ രോഗാവസ്ഥയാണ് മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്. 2016ലെ ഭിന്നശേഷി അവകാശ നിയമ പ്രകാരം 21 അംഗപരിമിതികളില്‍ ഒന്നായി മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് ഉള്‍പ്പെടുത്തിയിരുന്നു. ഇത് നേരത്തെ കണ്ടെത്തി വിദഗ്ധ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ സ്ഥിര അംഗപരിമിതിയിലേക്കും പൂര്‍ണ കിടപ്പ് രോഗിയായി മാറുന്ന അവസ്ഥയിലേക്കും എത്തുന്നു. 15 മുതല്‍ 45 വയസ് വരെയുള്ള പ്രായത്തില്‍ തന്നെ രോഗാവസ്ഥ കണ്ടെത്തി ചികിത്സിക്കുക എന്നത് വളരെ പ്രധാനമാണ്. സങ്കീര്‍ണവും ചെലവേറിയതുമാണ് ചികിത്സ. അതിനാല്‍ ഈ രോഗം നേരത്തെ കണ്ടെത്തി ആവശ്യമായ ചികിത്സ നല്‍കാനായാണ് ഈ പദ്ധതി ആവിഷ്‌ക്കരിച്ചതെന്നും മന്ത്രി പറഞ്ഞു.

സാമൂഹ്യ സുരക്ഷ മിഷന്‍ വികസിപ്പിക്കുന്ന പ്രത്യേക സേഫ്റ്റുവെയര്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അതില്‍ നിന്നും ചികിത്സയ്ക്ക് അര്‍ഹരാകുന്ന രോഗികളെ കണ്ടെത്തി മതിയായ ചികിത്സകള്‍ നല്‍കും. ഈ രോഗികളുടെ ചികിത്സാ പുരോഗതി 6 മാസം കൂടുമ്പോള്‍ മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തുകയും ആവശ്യമായ തുടര്‍ ചികിത്സ ഉറപ്പ് വരുത്തുകയും ചെയ്യുന്നു.

shortlink

Post Your Comments


Back to top button