തിരുവനന്തപുരം: തുലാവര്‍ഷം ശക്തിപ്രാപിച്ചതിനാല്‍ സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഉച്ചക്ക് ശേഷം ശക്തമായ ഇടിമിന്നലിന് സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേരള ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിരുന്നു. ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 10മണിവരെയുള്ള സമയത്താണ് മിന്നലിന് സാധ്യതയുള്ളത്. ഈ ഇടിമിന്നല്‍ അപകടകാരികളാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ പൊതുജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണെന്നും നിര്‍ദേശമുണ്ട്.
ഉച്ചക്ക് 2 മണി മുതല്‍ വൈകിട്ട് 10 മണിവരെയുള്ള സമയത്ത് തുറസായ സ്ഥലത്തും, ടെറസ്സിലും നില്‍ക്കുന്നത് ഒഴിവാക്കുക. കളിക്കുന്ന കുട്ടികള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണമെന്ന് ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു.
മഴമേഘങ്ങള്‍ കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തക്കോ പോകരുത്. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുകുകയും ജനലും വാതിലും അടച്ചിടുകയും ചെയ്യുക. വാഹനത്തിനുള്ളില്‍ ആണങ്കില്‍ തുറസ്സായ സ്ഥലത്ത് നിര്‍ത്തി, ലോഹ ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ ഇരിക്കണം. ഇടിമിന്നലുള്ള സമയങ്ങളില്‍ ജലാശയത്തില്‍ ഇറങ്ങുവാന്‍ പാടില്ല. ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക. പ്രത്യേകിച്ചും ഈ സമയത്ത് ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ്ജ് പ്രോട്ടക്ടര്‍ ഘടിപ്പിക്കേണ്ടത് അനിവാര്യമാണ്.
മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ച്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാല്‍ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നല്‍കുവാന്‍ മടിക്കരുത്. മിന്നല്‍ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കന്റിനുള്ളില്‍ തന്നെ പ്രഥമ ശ്രുശ്രൂഷ നല്‍കണം.
Post Your Comments