ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ കര്‍മ്മനിരതനായി നില്‍ക്കുന്ന കേരളത്തിന്റെ ജനനായകൻ വി.എസ് അച്യുതാനന്ദൻ തന്റെ 96ആം ജന്മദിനം ആഘോഷിക്കാൻ ഒരുങ്ങുന്നു. ഇന്ന് കേരളത്തില്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ ജനസമ്മതിയുളള രാഷ്ട്രീയ നേതാവാണ് വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വിഎസ്. ശക്തമായ നിലപാടുകളും തീരുമാനങ്ങളുമാണ് ഈ വിപ്ലവ നായകന്റെ ജനപ്രീതി വർദ്ധിപ്പിക്കുന്നത്. ലോകത്ത് മികച്ച ആയുര്‍ദൈര്‍ഘ്യമുള്ള കമ്യൂണിസ്റ്റ് ചൈനയെ പോലുള്ള രാഷ്ട്രങ്ങളില്‍ പോലും ഇത്രയും പ്രായം കൂടിയ ഒരു രാഷ്ട്രീയ നേതാവില്ലെന്നാണ് പറയുന്നത്.
വി എസിന്റെ ചരിത്രത്തിലേക്ക് വരുമ്പോൾ അത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം കൂടിയാണെന്ന് പറയേണ്ടിയിരിക്കുന്നു. 1923 ഒക്ടോബര്‍ 20 ന് ആലപ്പുഴയിലെ പുന്നപ്രയില്‍ ആണ് വിഎസിന്റെ ജനനം. അച്ഛന്റേയും അമ്മയുടേയും മരണത്തോടെ ഏഴാം ക്ലാസ്സില്‍ വച്ച് വിദ്യാഭ്യാസം അവസാനിപ്പിച്ച വിഎസ് കുറച്ചുകാലം തയ്യല്‍ക്കാരനായി ജോലി ചെയ്തു. പിന്നീട് കയര്‍ ഫാക്ടറി തൊഴിലാളിയായി. 15-ാം വയസ്സിലാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നുകൊണ്ടായിരുന്നു തുടക്കം. 17-ാം വയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. 1946 ല്‍ നടന്ന പുന്നപ്ര-വയലാര്‍ സമരത്തിന്റെ മുന്‍നിര പോരാളികളില്‍ ഒരാളായിരുന്നു. ഇതേ തുടര്‍ന്ന് വിഎസിനെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. പക്ഷെ പാർട്ടി രഹസ്യങ്ങൾ അദ്ദേഹം പുറത്തുവിട്ടില്ല.
1964 ല്‍ സിപിഐ ദേശീയ എക്‌സിക്യൂട്ടീവില്‍ നിന്ന് ഇറങ്ങിപ്പോന്ന 32 പേര്‍ ചേര്‍ന്നാണ് സിപിഎം രൂപീകരിച്ചത്. 1965 മുതല്‍ പാര്‍ലമെന്ററി രംഗത്തും സജീവമായിരുന്നു വിഎസ്. പാര്‍ട്ടി നേതാവ് എന്‍. സുഗതന്റെ നിര്‍ബന്ധപ്രകാരം 43ാം വയസിൽ വിവാഹം. ചേര്‍ത്തല കുത്തിയതോടു സ്വദേശി വസുമതിയമ്മയായിരുന്നു വധു. 1967 ജൂലൈ 18നായിരുന്നു വിവാഹം. അച്യുതാനന്ദന്‍ സര്‍ക്കാര്‍ കേരളം കണ്ട ഏറ്റവും മികച്ച സര്‍ക്കാരുകളില്‍ ഒന്നായിരുന്നു. മൂന്ന് തവണ കേരളത്തിന്റെ പ്രതിപക്ഷ നേതാവായിരുന്നിട്ടുണ്ട് അദ്ദേഹം. നിലവിൽ സംസ്ഥാന സർക്കാരിന്റെ ഭരണപരിഷ്ക്കാര കമ്മീഷൻ ചെയർമാനാണ് വിഎസ്.
ഈ പ്രായത്തിലും വി.എസിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം അത്ഭുതപ്പെടുത്തുന്നുവെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. രാഷ്ട്രീയക്കാരായാലും ഉദ്യോഗസ്ഥരായാലും സാധാരണക്കാരനായാലും വിശ്രമജീവിതം നയിക്കുന്ന പ്രായത്തിലാണ് വി.എസ് ഇപ്പോഴും കർമ്മ നിരതനായി പ്രവർത്തിക്കുന്നത്. ഈ മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവിനെതിരെ സി.പി.എം നിരവധി തവണ അച്ചടക്കനടപടി എടുത്തിട്ടുണ്ടെങ്കിലും അവ ഉൾക്കൊണ്ടു പാർട്ടിയിൽ നില്‍ക്കാന്‍ തന്നെയായിരുന്നു വി എസിന്റെ ഉറച്ച തീരുമാനം. മുൻപ് അച്ചടക്ക നടപടിയെ കുറിച്ചുള്ള ചോദ്യത്തിന് “താന്‍ കൂടി ചേര്‍ന്ന് രൂപം കൊടുത്ത പാര്‍ട്ടിയില്ലാതെ തനിക്ക് എന്തു ജീവിതമെന്നായിരുന്നു” വി.എസ് നൽകിയിരുന്ന മറുപടി.
”ഈ ജന്മം കമ്യൂണിസ്റ്റായി ജീവിച്ചു ഇനി മരിക്കുന്നതും കമ്യൂണിസ്റ്റകാരനായി തന്നെയായിരിക്കും” വി.എസ്
Post Your Comments