രാഷ്ട്രീയക്കാരെ പുച്ഛമാണ് ചിലര്‍ക്ക്. എന്നാല്‍ രാഷ്ട്രീയക്കാരിലെ മനുഷ്യത്വം തുറന്നുകാണിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. എല്ലാ രാഷ്ട്രീയക്കാരെയും പുച്ഛമുള്ളവര്‍ ഇത് വായിക്കണം എന്ന ഹാഷ് ടാഗോടെ മാത്യു കുഴല്‍നാടന്‍ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിലാണ് തന്റെ അനുഭവം പങ്കുവെക്കുന്നത്. പലപ്പോഴും വാഹനാപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം ആളുകള്‍ കാഴ്ചക്കാരായി നില്‍ക്കുകയാണ് പതിവ്. ഇത്തരത്തില്‍ ഒരു അപകടം നേരില്‍ കണ്ടതിന്റെ കുറിപ്പാണ് ഇദ്ദേഹം പങ്കുവെച്ചത്. അരൂരില്‍ ഷാനി മോള്‍ ഉസ്മാന് വേണ്ടി പ്രചരണം നടത്തി തിരികെ പോകുന്ന വഴിയാണ് ഹൈവേയില്‍ അപകടത്തില്‍പ്പെട്ട കാര്‍ കാണുന്നത്. ഗുരുതരമായ പരിക്കേറ്റ ആളുകളെ ആശുപത്രിയിലെത്തിക്കാന്‍ പലരുടെയും സഹായം അഭ്യര്‍ഥിച്ചെങ്കിലും ആരും മുന്നോട്ട് വന്നില്ല. ഒടുവില്‍ ഒരാള്‍ സ്വയം സന്നദ്ധനായെത്തി. ആശുപത്രിയിലെത്തിച്ച ശേഷം പരിചയപ്പെടുമ്പോഴാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് അയാളെന്നറിയുന്നതെന്നാണ് മാത്യു പറയുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
#എല്ലാ_രാഷ്ട്രീയക്കാരേയും_പുച്ഛമുള്ളവര്‍_ഇത്-വായിക്കണം.
ഇന്നലെ രാത്രി ഉദ്ദേശം 11.00 മണിക്ക് അരൂര്‍ മണ്ഡലത്തിലെ പ്രചരണ പരിപാടികള്‍ക്ക് ശേഷം തിരഞ്ഞെടുപ്പ് കമ്മറ്റി ആഫീസില്‍ നിന്നും മടങ്ങി. ഞാനും െ്രെഡവറും മാത്രമാണ് വണ്ടിയില്‍ ഉണ്ടായിരുന്നത്. ഏകദേശം നാല് കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ഹൈവേയില്‍ ഒരാള്‍ക്കൂട്ടവും നിലവിളിയും. നോക്കിയപ്പോള്‍ ആക്‌സിഡന്റാണ് ഒരു സിഫ്റ്റ് കാര്‍ ഇടിച്ച് തകര്‍ന്ന് കിടക്കുന്നു. അകത്ത് ഉള്ള ഒരാളെ പുറത്ത് എടുക്കാന്‍ കഴിയാതെ പ്രയാസപ്പെടുകയാണ്.
പല അഭിപ്രായങ്ങളാണ് വരുന്നത്. പോലീസ് വരട്ടെ , ആംബുലന്‍സ് വിളിക്ക് ഇടയ്ക്ക് കണ്ണില്‍ ചോരയില്ലാതെ ഒരാള്‍ പറയുന്നു ‘ആള് തീര്‍ന്നു.. ഇതിനിടെ വളരെ പ്രയാസപ്പെട്ട് ആ ചെറുപ്പക്കാരനെ പുറത്ത് എടുത്തു. ഇതിനിടയില്‍ ഹൈവേയിലൂടെ നിരവധി വാഹനങ്ങള്‍ വന്ന് നിര്‍ത്തി കാഴ്ച കണ്ടിട്ട് ഓടിച്ച് പോയി. പുറത്ത് എടുത്ത ആദ്യത്തെ ആളെ ആശുപത്രിയില്‍ എത്തിക്കാര്‍ പലരോടും അഭ്യര്‍ത്ഥിച്ചെങ്കിലും ആരും തയ്യാറായില്ല.
പ്രയാസപ്പെട്ട് രണ്ട് പേരേയും വണ്ടിയില്‍ കയറ്റി. ഒരാളുടെ നില ഗുരുതരം, തല പൊട്ടി ചോര ഒലിക്കുന്നു, അബോധാവസ്ഥയിലാണ്. ഉച്ചത്തില്‍ പ്രയാസപ്പെട്ട് ശ്വാസോച്ഛാസം ചെയ്യുന്നു. ചോര ശ്വാസകോശത്തില്‍ പോയാലുള്ള അപകടം അറിയാവുന്നത് കൊണ്ട്, തല ഉയര്‍ത്തി പിടിക്കാന്‍ ആരെങ്കിലും വണ്ടിയില്‍ കയറാന്‍ അഭ്യര്‍ത്ഥിച്ചു. ആരുമില്ലാ.. എല്ലാവരും കാഴ്ചക്കാരാണ്..
ഒടുവില്‍ കൈലിമുണ്ട് ഉടുത്ത ഒരു ചേട്ടന്‍ മുന്നോട്ട് വന്ന് ഞാന്‍ വരാം എന്ന് പറഞ്ഞ് കയറി. ഈ രണ്ട് ചെറുപ്പക്കാരുമായി ആവുന്ന വേഗത്തില്‍ ലേക്ക് ഷോര്‍ ഹോസ്പിറ്റലിലേക്ക് കുതിച്ചു. ഞങ്ങള്‍ പരസ്പരം അധികം സംസാരിച്ചില്ലാ. ഫോര്‍ട്ട് കൊച്ചിയില്‍ നിന്നുള്ളവരാണ് അപകടത്തില്‍ പെട്ടവര്‍ എന്ന് മാത്രം മനസ്സിലാക്കി.
ക്യാഷ്യാലിറ്റിയില്‍ എത്തിച്ച് ഡോക്ടറെ ഏല്‍പ്പിച്ച് വിവരങ്ങള്‍ കൈമാറി. ഞങ്ങള്‍ പുറത്തിറങ്ങി. അപ്പോഴും ഒരു മരവിപ്പ് വിട്ട് മാറിയിരുന്നില്ലാ. പിരിയാനായി ഞങ്ങള്‍ പരസ്പരം ഹസ്തദാനം ചെയ്തു. അപ്പോള്‍ ആ ചേട്ടന്‍ ചോദിച്ചു.. ‘സാറിനെ എവിടെയോ കണ്ടിട്ടുണ്ടല്ലോ.. ‘
ഞാന്‍ സ്വയം പരിചയപ്പെടുത്തി
‘ ഞാന്‍ മാത്യു കുഴല്‍ നാടന്‍, ഷാനിമോള്‍ ഉസ്മാന്റെ പ്രചരണ പരിപാടിക്ക് വേണ്ടി വന്നതാണ്.. ‘
അപ്പോള്‍ ആ ചേട്ടന്‍ പറഞ്ഞു
”ഞാന്‍ രമണന്‍, സി.പി.എം ന്റെ ബ്രാഞ്ച് സെക്രട്ടറിയാണ്, ഞങ്ങള്‍ പോസ്റ്റര്‍ ഒട്ടിക്കുകയായിരുന്നു..
ഞങ്ങള്‍ കൂടുതല്‍ സംസാരിച്ചില്ലാ..
പരസ്പരം മൊബൈല്‍ നമ്ബര്‍ കൈമാറി, സ്‌നേഹം പങ്കിട്ട്, കഴിയുമെങ്കില്‍ വീണ്ടും തിരഞ്ഞെടുപ്പ് ഗോദയില്‍ കാണാം എന്ന് പറഞ്ഞ് പിരിഞ്ഞു.
https://www.facebook.com/mathewkuzhalnadan/posts/2543519815756106
Post Your Comments