തൃശൂര്‍: അപകട മരണം എന്ന് വിശ്വസിച്ച ബി ജെ പി നേതാവിന്റെ മരണം കൊലപാതകമാണെന്ന് തൊഴിയൂര്‍ സുനില്‍ വധക്കേസില്‍ പിടിയിലായ പ്രതികൾ വെളിപ്പെടുത്തി. ജം-ഇത്തുല്‍ ഇസ്ലാമിയ എന്ന തീവ്രവാദ സംഘടനയാണ് ബി ജെ പി നേതാവ് മോഹന ചന്ദ്രനെ കൊലപ്പെടുത്തിയതെന്നാണ് പ്രതികൾ വെളിപ്പെടുത്തിയത്.
മലപ്പുറം കൊളത്തൂരില്‍ മോഹന ചന്ദ്രന്‍ എന്നയാളെയാണ് 1995-ല്‍ കൊലപ്പെടുത്തിയതെന്നാണ് ജം-ഇയത്തുല്‍ ഇസ്ലാമിയ അംഗങ്ങളായ പ്രതികള്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്.
രാത്രി കടയടച്ച് ഭാര്യവീട്ടിലേക്ക് സൈക്കിളില്‍ പോകുന്ന വഴി മോഹന ചന്ദ്രനെ ചെമ്മലശ്ശേരി എന്ന സ്ഥലത്ത് തലയ്ക്ക് പരിക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അപകട മരണമാണെന്ന് കരുതി മലപ്പുറം ക്രൈംബ്രാഞ്ചായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. തെളിവില്ലാത്തതിനാല്‍ 2006-ല്‍ കേസ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു. 1995 ഓഗസ്റ്റ് 19-നാണ് മോഹന ചന്ദ്രന്‍ മരിക്കുന്നത്. അപകടത്തിലാണ് ഇയാള്‍ മരിച്ചതെന്നാണ് ഇതുവരെ കരുതിയിരുന്നത്.
ALSO READ: ആവർത്തിച്ച് അധികാരദുർവിനിയോഗവും സ്വജനപക്ഷപാതവും നടത്തുമ്പോഴും ന്യായീകരിച്ച് മന്ത്രി ജലീൽ
എന്നാല്‍ മോഹന ചന്ദ്രനെ ജം-ഇയത്തുല്‍ ഇസ്ലാമിയ തലവനായ സെയ്തലവിയുടെ നേതൃത്വത്തില്‍ ജീപ്പിടിച്ച് വീഴ്ത്തി കൊലനടത്തുകയായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. തൊഴിയൂര്‍ സുനില്‍ കേസിലും ഉള്‍പ്പെട്ട ഈ ജീപ്പ് 25 വര്‍ഷത്തിന് ശേഷം അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.
മലപ്പുറം ചെമ്പ്രശ്ശേരി സ്വദേശി ഉസ്മാന്‍ (54),തൃശൂര്‍ അഞ്ചരങ്ങാടി സ്വദേശി യൂസഫലി (52) എന്നിവരാണ് പിടിയിലായത്. ഇവരെ ശാസ്ത്രീയമായി ചോദ്യം ചെയ്തതിലൂടെയാണ് മറ്റൊരു കൊലാപതകത്തിന്റെ ചുരളഴിയുന്നതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. വിവിധയിടങ്ങളില്‍ ഒളിച്ച് താമസിക്കുകയായിരുന്നു പ്രതികള്‍. സുനില്‍ വധക്കേസില്‍ രണ്ട് പേരെ കൂടി ഡിവൈ.എസ്.പി കെ.എ.സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ പിടികൂടിയിരുന്നു.
25 വര്‍ഷം മുമ്പ് നടന്ന തൊഴിയൂര്‍ സുനില്‍ വധക്കേസില്‍ സിപിഎം പ്രവര്‍ത്തകരെയാണ് പോലീസ് ആദ്യം പിടികൂടിയത്. വിചാരണ കോടതി സിപിഎം പ്രവര്‍ത്തകരെ ജീവപര്യന്തം തടവിന് ശിക്ഷ വിധിക്കുകയും നാല് വര്‍ഷത്തോളം ഇവര്‍ തടവില്‍ കഴിയുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം നടന്ന പുനഃരന്വേഷണത്തില്‍ ജം-ഇയത്തുല്‍ ഇസ്ലാമിയ എന്ന തീവ്രവാദ സംഘടനയാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തിയത്.
Post Your Comments