കൊച്ചി : ലോകം മുഴുവനും തരംഗമായി മാറിയ ആ ഫോട്ടോയും താങ്ക്സും ആരും മറക്കില്ല .. എന്നാല്‍ ഉടുമുണ്ട് ഉപയോഗിച്ച് ടെറസില്‍ ‘താങ്ക്സ് ‘ എന്നെഴുതിയ വീട്ടു ടമയെ സര്‍ക്കാര്‍ മറന്നു..നഷ്ടപരിഹാരം ഇന്നും അകലെ. കിഴക്കേ കടുങ്ങല്ലൂര്‍ മുല്ലേപ്പിള്ളി സുന്ദരവിലാസത്തില്‍ ധനപാലാണ് ഇന്നും നഷ്ടപരിഹാരം ലഭിയ്ക്കാതെ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്നത്. പെരിയാറിനോടു ചേര്‍ന്നുള്ള ഒറ്റനില വീടാണ് ധനപാലിന്റേത്. ഇവിടെ 12 അടി ഉയരത്തില്‍ വെള്ളം ഉയര്‍ന്നു സര്‍വവും നശിച്ചിരുന്നു.
കടുങ്ങല്ലൂര്‍ പഞ്ചായത്ത് ഓഫിസിലെയും കലകട്റേറ്റിലെയും ഉദ്യോഗസ്ഥര്‍ വിചിത്ര കാരണങ്ങള്‍ നിരത്തിയാണ് തനിക്ക് നഷ്ടപരിഹാരം നിഷേധിച്ചതെന്ന് ധനപാല്‍ പറഞ്ഞു. പ്രളയജലം ഇറങ്ങിയപ്പോള്‍ ശുചീകരണത്തിനു നാട്ടില്‍ എല്ലാവര്‍ക്കും അനുവദിച്ച 10,000 രൂപ മാത്രമേ കിട്ടിയുള്ളൂ. പ്രളയം കഴിഞ്ഞപ്പോള്‍ റവന്യു വകുപ്പു ചുമതലപ്പെടുത്തിയ 3 ഗ്രൂപ്പുകള്‍ വീട്ടിലെത്തി പരിശോധിക്കുകയും ചിത്രങ്ങള്‍ എടുക്കുകയും ചെയ്തിരുന്നു. ആനുകൂല്യങ്ങള്‍ നിഷേധിക്കാന്‍ വിചിത്രമായ കാരണങ്ങളാണ് അധികൃതര്‍ ധനപാലിനോടു പറഞ്ഞത്.
വീടിനു പ്രത്യേകം പേരില്ല എന്നാണ് ആദ്യം പറഞ്ഞത്. വീടിനു പേരില്ലെങ്കിലും പ്രത്യേകം വീട്ടു നമ്പര്‍ ഉണ്ടെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍ ധനപാലിനു സ്വന്തമായി റേഷന്‍ കാര്‍ഡില്ല എന്നായി ഉദ്യോഗസ്ഥര്‍. മാതാപിതാക്കളുടെ കാര്‍ഡില്‍ നിന്നു തന്റെ പേരു വേര്‍പെടുത്തി ധനപാല്‍ പുതിയ റേഷന്‍ കാര്‍ഡുണ്ടാക്കി. അതുമായി ചെന്നപ്പോള്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതു ‘നേരത്തേ തള്ളിയ അപേക്ഷ വീണ്ടും പരിഗണിക്കില്ലെ’ന്നാണ് പറഞ്ഞതെന്നും ധനപാല്‍ വ്യക്തമാക്കി
ഉടുമുണ്ടു കീറിയുണ്ടാക്കിയ വെള്ള അക്ഷരങ്ങളില്‍ ടെറസിനു മുകളില്‍ ‘താങ്ക്‌സ്’ എന്നു രേഖപ്പെടുത്തിയ ഈ വീടിന്റെ ചിത്രം ലോകമെങ്ങും തരംഗമായിരുന്നു. വെള്ളത്തിലൂടെ നീന്തിയെത്തിയ അച്ഛന്‍ ഗോപാലകൃഷ്ണന്‍ നായര്‍ അഴിച്ചിട്ട ഡബിള്‍ മുണ്ടു കീറിയാണ് ഇതര സംസ്ഥാനക്കാരായ നാവിക സേനാംഗങ്ങള്‍ക്കു കൂടി മനസ്സിലാകാന്‍ ഇംഗ്ലിഷില്‍ നന്ദി രേഖപ്പെടുത്തിയത്. ധനപാലും കുടുംബവും ഹെലികോപ്റ്ററിലല്ല രക്ഷപ്പെട്ടത്. പൊലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്നു വള്ളത്തിലാണ് രക്ഷിച്ചത്. എന്നാല്‍, സമീപത്തെ വയോധികരടക്കം ഒട്ടേറെപ്പേരെ എയര്‍ലിഫ്റ്റ് ചെയ്യുന്നതു നേരില്‍ കണ്ടിരുന്നു. ടെറസിനു മുകളില്‍ ധനപാല്‍ താങ്ക്സ് എന്നു കുറിച്ചതു ‘മുകളിലുള്ളവനെ’ കൂടി മനസ്സില്‍ വച്ചായിരുന്നു.
Post Your Comments