കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പര കൊലയാളി ജോളിയ്ക്കെതിരെ ശക്തമായ തെളിവുകള്‍ നിരത്താന്‍ കഴിഞ്ഞിരുന്ന ഡോക്ടറടക്കം പുറത്തുനിന്നുള്ള ആ മൂന്ന് പേരും നേരത്തെ മരണത്തിന് കീഴടങ്ങി. മുഖ്യപ്രതി ജോളി ജോസഫിനെതിരെ കുരുക്ക് മുറുക്കാന്‍ സഹായകമാകുമായിരുന്ന 3 നിര്‍ണായക സാക്ഷികളെയാണ് അന്വേഷണ സംഘത്തിന് ചുരുങ്ങിയ കാലത്തിനുള്ളില്‍ നഷ്ടമായത്. ജോളി കൈവശപ്പെടുത്തിയെന്ന് ആരോപണമുയര്‍ന്ന വസ്തുവിന്റെ നികുതി സ്വീകരിച്ച വില്ലേജ് അസിസ്റ്റന്റ് സുധീര്‍, ജോളിയുടെ ഭര്‍ത്താവ് പൊന്നാമറ്റം റോയിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ കോഴിക്കോട് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് മെഡിസിന്‍ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ആര്‍.സോനു, മരിച്ച മണ്ണിലിടത്തില്‍ രാമകൃഷ്ണന്റെ വിവാദ ഭൂമിയിടപാടില്‍ ഇടനില നിന്ന എന്‍.എം.എസ്.നാസര്‍ എന്നിവരാണ് പല കാലങ്ങളിലായി മരിച്ചത്.
Read Also : സയനൈഡ് അടുക്കളയില്‍ സൂക്ഷിച്ചതിന്റെ കാരണം വ്യക്തമാക്കി ജോളി
ഫൊറന്‍സിക് സര്‍ജന്‍ ഡോ. ആര്‍.സോനു : വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റ് 5ന് ആണ് ഡോ. ആര്‍.സോനു മരിച്ചത്. 2011ല്‍ റോയ് തോമസിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോ. സോനു ആന്തരാവയവങ്ങളില്‍നിന്നുണ്ടായ ഗന്ധം തിരിച്ചറിഞ്ഞ്, സയനൈഡ് അകത്തു ചെന്നാണ് മരണമെന്ന് രേഖപ്പെടുത്തിയിരുന്നു. ആന്തരാവയവ പരിശോധനാ റിപ്പോര്‍ട്ട് 5 വര്‍ഷം വൈകിയെങ്കിലും സോനു അന്നു കുറിച്ചിട്ടത് ഇന്ന് കൂടത്തായി കേസില്‍ നിര്‍ണായകമായി. ജീവിച്ചിരുന്നെങ്കില്‍ കൂടത്തായി കേസ് കോടതിയിലെത്തുമ്പോള്‍ പ്രോസിക്യൂഷന് ഏറ്റവും വലിയ സഹായമാകുമായിരുന്നു ഡോ. സോനുവിന്റെ മൊഴി.
വില്ലേജ് അസിസ്റ്റന്റ് സുധീര്‍ : 2015 ജൂലൈ 1ന് ആയിരുന്നു സുധീറിന്റെ മരണം. അസുഖബാധിതനായി 3 മാസത്തോളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞാണ് മരിച്ചതെന്ന് ഭാര്യ നിഷ പറയുന്നു. പൊന്നാമറ്റം ടോം തോമസിന്റെ വീടും 35 സെന്റ് സ്ഥലവും അടങ്ങുന്ന വസ്തുവിന് പലരുടെ പേരില്‍ നികുതിയടച്ച കാലത്ത് സുധീര്‍ ആയിരുന്നു കൂടത്തായി വില്ലേജ് അസിസ്റ്റന്റ്.
വ്യാജ ഒസ്യത്തിന്റെ അടിസ്ഥാനത്തില്‍ 2009- 10 കാലത്ത് ജോളിയുടെയും റോയിയുടെയും മാത്രം പേരിലായിരുന്നു നികുതി സ്വീകരിച്ചത്. അന്ന് പോക്കുവരവ് ചെയ്തുകൊടുക്കുകയും ചെയ്തു. റോയിയുടെ സഹോദരന്‍ റോജോ എതിര്‍പ്പ് ഉന്നയിച്ചതിനെ തുടര്‍ന്ന് അടുത്ത വര്‍ഷം അദ്ദേഹത്തിന്റെ പേര് ആദ്യമിട്ട് നികുതിച്ചീട്ട് നല്‍കി. പിന്നീട് റോയിയുടെ മരണശേഷം ജോളി മുതല്‍പേര്‍ ആയി 2012-13 കാലത്ത് നികുതിച്ചീട്ട് നല്‍കിയതും സുധീര്‍ ആയിരുന്നു.
ഭൂമി ഇടനിലക്കാരന്‍ എന്‍.എം.എസ്.നാസര്‍ : സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച മണ്ണിലിടത്തില്‍ രാമകൃഷ്ണന്റെ, എന്‍ഐടിക്കു സമീപത്തെ 5 ഏക്കര്‍ ഭൂമി വിറ്റതിന് എന്‍.എം.എസ്.നാസര്‍ ആയിരുന്നു ഇടനിലക്കാരന്‍. ഇതില്‍നിന്നു കിട്ടിയ 55 ലക്ഷം രൂപ രാമകൃഷ്ണന്‍ 2016 മേയ് 17നു മരിച്ചശേഷം എവിടെപ്പോയെന്ന് കണ്ടെത്താനായിട്ടില്ല. എന്‍ഐടിക്കു പരിസരത്തെ ജോളിയുടെ സാമ്പത്തിക ഇടപാടുകളിലും നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ സാധ്യതയുണ്ടായിരുന്ന നാസര്‍ ആ വര്‍ഷംതന്നെ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.
Post Your Comments