ഡയറ്റിങ്ങില്‍ പുതിയ പരീക്ഷണം..ശരീരത്തിന്റെ അളവുകോല്‍ കാത്തുസൂക്ഷിയ്ക്കുന്നവര്‍ക്ക് പുതിയൊരു തരം ഡയറ്റിങ് പരിചയപ്പെടാം. ഓള്‍ട്ടര്‍നേറ്റ് ഡേ ഫാസ്റ്റിങ് എന്നാണ് ഡയറ്റീഷ്യന്മാര്‍ ഇതിനെ വിളിക്കുന്നത്. അതായത്, ഒന്നിടവിട്ട ദിവസങ്ങളില്‍ ഭക്ഷണം ഉപേക്ഷിച്ചു കൊണ്ടുള്ള ഡയറ്റിങ്. അമിതവണ്ണം ഉള്ളവര്‍ക്കു മാത്രമല്ല, അല്ലാത്തവര്‍ക്കും ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ഇതു പരീക്ഷിക്കാം.
ഓസ്‌ട്രേലിയയിലെ മെഡിക്കല്‍ സര്‍വകലാശാലയിലാണ് ഇതുസംബന്ധിച്ച ഗവേഷണം നടത്തിയത്. മധ്യവയസ്‌കരായ 60 പേരെ നാലാഴ്ച തുടര്‍ച്ചയായി നിരീക്ഷിച്ചുകൊണ്ടായിരുന്നു പഠനം. ഇവരെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചു. ഒരു ഗ്രൂപ്പിലെ അംഗങ്ങളോട് ഒന്നിടവിട്ട ദിവസം ഉപവസിക്കാന്‍ ആവശ്യപ്പെട്ടു. രണ്ടാമത്തെ ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് ഭക്ഷണനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നില്ല. ഇവരെ നിരീക്ഷിച്ചതില്‍നിന്നാണ് 12 മുതല്‍ 24 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഉപവസിക്കുന്നത് ശരീരത്തിനു പുത്തനുണര്‍വു നല്‍കുന്നുവെന്ന നിഗമനത്തില്‍ എത്തിയത്.
ഒന്നിടവിട്ട ദിവസങ്ങളിലെ ഉപവാസം ശരീരത്തിലെ ദുര്‍മേദസ്സിനെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. ഭക്ഷണത്തിലെ കൊഴുപ്പ് ശരീരത്തില്‍ ശേഖരിച്ചുനിര്‍ത്തുന്നത് അനാരോഗ്യത്തിനു കാരണമായേക്കും. ഒന്നിടവിട്ട ദിവസങ്ങളിലെ ഉപവാസം ഈ കൊഴുപ്പ് തീര്‍ക്കുന്നതിന് ഉപകരിക്കുന്നു. ഒന്നിടവിട്ട് ഉപവസിച്ചവരുടെ ശരീരത്തിലെ ഭക്ഷണക്കൊഴുപ്പ് കൃത്യമായി ഉപയോഗിച്ചുതീരുന്നതായും കെട്ടിക്കിടക്കാനുള്ള സാഹചര്യം ഇല്ലാതാകുന്നതായും കണ്ടെത്തി. ഇവര്‍ ഭക്ഷണത്തോട് അനാവശ്യമായ ആര്‍ത്തി കാണിച്ചതുമില്ല.
ഭക്ഷണമര്യാദകളിലെ സംയമനം ശീലിക്കാന്‍ ഇത് അവര്‍ക്ക് അവസരമൊരുക്കി. ഉപവാസം അനുഷ്ഠിക്കുന്ന ദിവസങ്ങളില്‍ ധാരാളം വെള്ളം കുടിക്കുന്നതിനാല്‍ ശരീരത്തിലെ ജലാഗിരണത്തിന്റെ തോത് മെച്ചപ്പെടുന്നതായി കണ്ടെത്തി. ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ഗുണം, ഡയറ്റിങ് ചെയ്യുന്നയാള്‍ക്ക് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിനെക്കുറിച്ചോ അതിലെ കാലറിയെക്കുറിച്ചോ അനാവശ്യ ടെന്‍ഷന്റെ പ്രശ്‌നവും ഉണ്ടായില്ല.
ഭക്ഷണം കഴിക്കുന്ന ദിവസങ്ങളില്‍ നിയന്ത്രണങ്ങള്‍ ഇല്ലാതെ കഴിക്കുന്നതിന്റെ സന്തോഷം ഇവര്‍ക്ക് അനുഭവപ്പെടുകയും ചെയ്തു. ഒന്നിടവിട്ട ദിവസം ഒന്നും കഴിക്കാതിരിക്കുമ്പോഴും അടുത്ത ദിവസം കഴിക്കുന്നതിനെക്കുറിച്ചുള്ള ചിന്ത ഇവര്‍ക്ക് പോസിറ്റീവ് മോട്ടിവേഷനായി മാറുകയും ചെയ്തുവത്രേ. എല്ലായ്‌പ്പോഴും നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോള്‍ മനസ്സില്‍ അത് ഈറ്റിങ് ബ്ലോക്ക് ഉണ്ടാക്കുമെന്നു ഭക്ഷണവിദഗ്ധര്‍ പറയുന്നു. ഇത്തരക്കാരെ സംബന്ധിച്ചിടത്തോളം ഓള്‍ട്ടര്‍നേറ്റ് ഡേ ഫാസ്റ്റിങ് ഏറെ സഹായകമായിരിക്കുമെന്നാണ് വിലയിരുത്തല്‍.
Post Your Comments