കൊച്ചി: മരട് ഫ്ലാറ്റ് ഉടമകൾക്ക് എല്ലാവർക്കും നഷ്ട പരിഹാര തുകയായ 25 ലക്ഷം രൂപ കിട്ടില്ലെന്ന് ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ സമിതി വ്യക്തമാക്കി.അർഹത നോക്കിയാകും ഓരോ ഉടമകൾക്കും നഷ്ടപരിഹാരം നൽകുക. 14 ഫ്ലാറ്റുടമകൾക്കാണ് ഇടക്കാല ആശ്വാസത്തിന് ഇപ്പോൾ ജസ്റ്റിസ് ബാലകൃഷ്ണൻ നായർ സമിതി ശുപാർശ ചെയ്തിരിക്കുന്നത്. 13 ലക്ഷം രൂപ മുതൽ 25 ലക്ഷം രൂപ വരെ നൽകാനാണ് ശുപാർശയിലുള്ളത്.
ആദ്യഘട്ടത്തിൽ 2 കോടി 56 ലക്ഷത്തി ആറായിരത്തിത്തൊണ്ണൂറ്റാറ് (2,56,06,096) രൂപ ആകെ നഷ്ടപരിഹാരം നൽകണം. ജെയ്ൻ കോറൽ കോവ്, ആൽഫാ സെറീൻ, ഗോൾഡൻ കായലോരം എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് ഇപ്പോൾ നഷ്ടപരിഹാരം നൽകുക. ഗോൾഡൻ കായലോരത്തിലെ നാല് പേർക്കും, ആൽഫാ സെറീനിലെ നാല് പേർക്കും, ജെയ്ൻ കോറൽ കോവിലെ ആറ് പേർക്കുമാണ് നഷ്ടപരിഹാരം നൽകുക.
ആദ്യഘട്ട റിപ്പോർട്ടിലുള്ളത് 14 പേർക്ക് നഷ്ടപരിഹാരം നൽകാനുള്ള ശുപാർശയാണ്. ഭൂമിയുടെയും ഫ്ലാറ്റിന്‍റെയും വില കണക്കാക്കി, ആനുപാതികമായാണ് താത്കാലിക നഷ്ടപരിഹാരം നിശ്ചയിക്കുകയെന്ന് ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ സമിതി വ്യക്തമാക്കി. രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട ഒരാൾക്കാണ് ഇപ്പോൾ 25 ലക്ഷം രൂപ നൽകാൻ സമിതി ശുപാർശ ചെയ്തിരിക്കുന്നത്. മറ്റൊരു ഉടമയ്ക്ക് 15 ലക്ഷം രൂപ നൽകാനും ശുപാർശയുണ്ട്.
Post Your Comments