ന്യൂഡല്‍ഹി: ഇന്ത്യൻ വ്യോമസേനാ ഹെലിക്കോപ്റ്റര്‍ സൈന്യത്തിന്റെ തന്നെ മിസൈലേറ്റ് തകര്‍ന്ന സംഭവത്തിൽ കോര്‍ട്ട് മാര്‍ഷല്‍ നടപടികൾ ആരംഭിച്ചു. സംഭവത്തില്‍ രണ്ട് ഓഫീസര്‍മാര്‍ക്കെതിരെ കോര്‍ട്ട് മാര്‍ഷല്‍ നടപടി സ്വീകരിക്കും. എം.ഐ 17 ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് ആറ് വ്യോമസേനാംഗങ്ങള്‍ അടക്കമുള്ളവര്‍ മരിക്കാന്‍ ഇടയാക്കിയ സംഭവത്തിലാണിത്.
കോര്‍ട്ട് മാര്‍ഷല്‍ നടപടിക്ക് പുറമെ മറ്റ് നാല് ഓഫീസര്‍മാര്‍ക്കെതിരെ ഭരണതലത്തിലുള്ള നടപടിയുമുണ്ടാവും. ഗ്രൂപ്പ് ക്യാപ്റ്റന്‍, വിങ് കമാന്‍ഡര്‍ എന്നിവര്‍ക്ക് എതിരെയാവും കോര്‍ട്ട് മാര്‍ഷല്‍ നടപടി സ്വീകരിക്കുക. ഫെബ്രുവരി 27 ന് രാവിലെ ബാലാക്കോട്ട് വ്യോമാക്രമണത്തിന് മറുപടിയെന്നോണം പാകിസ്താന്‍ തിരിച്ചടിക്ക് ശ്രമിച്ചതിനിടെയാണ് വ്യോമസേനയുടെ എം.ഐ 17 ഹെലിക്കോപ്റ്റര്‍ ശ്രീനഗറിലെ ബദ്ഗാമിന് സമീപം തകര്‍ന്നുവീണത്. രണ്ട് എയര്‍ കമാന്‍ഡോകള്‍, രണ്ട് ഫ്‌ളൈറ്റ് ലഫ്റ്റനന്റുമാര്‍ എന്നിവര്‍ക്ക് എതിരെയാവും മറ്റ് നടപടികള്‍ ഉണ്ടാവുകയെന്നും പ്രതിരോധ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായ മിസൈലേറ്റാണ് ഹെലിക്കോപ്റ്റര്‍ തകര്‍ന്നു വീണതെന്ന് പിന്നീട് വ്യക്തമായി. കഴിഞ്ഞ ഫെബ്രുവരി 27ന് ശ്രീനഗറിന് സമീപം ബദ്ഗാമിലാണ് സംഭവം നടന്നത്.
Post Your Comments