ദുബായ് : മല്‍സ്യബന്ധനത്തിന് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ. ഇതിന്റെ ഭാഗമായി കടല്‍ മീനുകളെ വളഞ്ഞിട്ട് പിടിക്കുന്ന വലകള്‍ക്ക് പരിസ്ഥിതി മന്ത്രാലയം പ്രത്യേക മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു. കടലില്‍ അല്ലാതെ ഇത്തരം വലകള്‍ ഉപയോഗിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്.
നവംബര്‍ ഒന്ന് മുതല്‍ ഏപ്രില്‍ 30 വരെ മാത്രമേ മല്‍സ്യകൂട്ടങ്ങളെ വളഞ്ഞിട്ട് പിടിക്കുന്ന എന്‍സര്‍ക്കിളിങ് വലകള്‍ കടലില്‍ ഉപയോഗിക്കാന്‍ പാടുള്ളു. അതും മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത മല്‍സ്യതൊഴിലാളികള്‍ക്കും സ്പീഡ് ബോട്ടുകള്‍ക്കും മാത്രമേ ഇവ ഉപയോഗിക്കാന്‍ അനുമതി നല്‍കൂ. അടക്കം കൊല്ലി, റിങ് സീ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഇത്തരം വലകള്‍ക്ക് 1,100 മീറ്റര്‍ മാത്രമേ നീളം പാടുള്ളു. വീതി പടിഞ്ഞാറന്‍ തീരത്ത് 20 മീറ്ററും കിഴക്കന്‍ തീരത്ത് 28 മീറ്ററും ആകാം. വലകള്‍ കടലടിത്തട്ടില്‍ സ്പര്‍ശിക്കരുത്. വലയുടെ ഒരറ്റം ബോട്ടില്‍ ബന്ധിപ്പിച്ചിരിക്കണം. മറ്റൊരത്ത് ലൈറ്റ് ഘടിപ്പിക്കണം. മല്‍സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായാണ് ഈ നിയന്ത്രണങ്ങള്‍.
കടലിലല്ലാതെ ഒരു ജലാശയത്തിലും അബൂദബിയുടെ മല്‍സ്യബന്ധന മേഖലയിലും ഇത്തരം വലകള്‍ ഉപയോഗിക്കാന്‍ പാടില്ല. കേടുവന്ന വലകള്‍ കടലില്‍ ഉപേക്ഷിക്കുന്നത് മന്ത്രാലയം വിലക്കിയിട്ടുണ്ട്. കടലില്‍ മല്‍സ്യബന്ധനത്തിന് പോകുന്നവരും കരയിലേക്ക് വരുന്നവരും കോസ്റ്റല്‍ പ്രോട്ടക്ഷന്‍ അതോറിറ്റിയുടെ ചെക്‌പോയന്റില്‍ വിവരം അറിയിക്കണമെന്നും മന്ത്രാലയം ഉത്തരവില്‍ പറയുന്നു.
Post Your Comments