കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ മുഴുവന്‍ വില്ലേജ് ഓഫീസുകളിലെയും വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചു. അധികൃതര്‍ ബില്ലടയ്ക്കാതിരുന്നതിനെ തുടര്‍ന്നാണിത്. സാധാരണ അതാത് വില്ലേജ് ഓഫീസുകളില്‍ നിന്നാണ് വൈദ്യുതി ബില്‍ അടയ്ക്കാറുള്ളത്. എന്നാല്‍ കേന്ദ്രീകൃത ബില്ലിംഗ് സംവിധാനം വന്നതോടെ ഈ രീതിക്ക് മാറ്റം വരികയായിരുന്നു.
പുതിയ രീതി നടപ്പിലാക്കിയതോടെ വില്ലേജ് ഓഫീസുകളിലെ വൈദ്യുതി ബില്ലുകള്‍ ജില്ലാ കളക്ടറേറ്റില്‍ നിന്ന് അടയ്ക്കണമെന്ന് വില്ലേജ് ഓഫീസര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് ജില്ല കളക്ടര്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ ഇത് സംബന്ധിച്ച ഫയല്‍ മേശപ്പുറത്തിരുന്നതല്ലാതെ ഓഫീസ് നടപടികള്‍ പൂര്‍ത്തിയാക്കിയില്ല.
സെപ്തംബര്‍ മാസം ലഭിച്ച ബില്‍ അടയ്ക്കാനുള്ള അവസാന തീയ്യതി കഴിഞ്ഞതോടെയാണ് കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ഫ്യൂസ് ഊരിയത്. ഈ സമയത്താണ് ബില്ലടച്ചിട്ടില്ലെന്ന വിവരം വില്ലേജ് ഓഫീസുകളില്‍ അറിയുന്നത്. ഇതോടെ വില്ലേജ് ഓഫീസര്‍മാര്‍ നേരിട്ട് പണമടക്കുകയായിരുന്നു. വൈകിട്ടോടെ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു. എങ്കിലും വില്ലേജ് ഓഫീസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായെത്തിയ നിരവധി പേര്‍ ബുദ്ധിമുട്ടി.
Post Your Comments