KeralaLatest News

ജോളിയുടെ കോയമ്പത്തൂര്‍ യാത്ര ജോണ്‍സണെ കാണാന്‍; ടവര്‍ ഡംപ് പരിശോധനയില്‍ പോലീസിന് ലഭിച്ചത് നിര്‍ണായക തെളിവുകള്‍

കൂടത്തായി: കൂടത്തായി കൊലപാതകക്കേസിലെ ഒന്നാം പ്രതി ജോളി കോയമ്പത്തൂരില്‍ പോയതിന് പിന്നിലെ കാരണം വ്യക്തമായി. ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണെ കാണാനായിരുന്നു ജോളിയുടെ യാത്രയെന്ന് പോലീസ് വ്യക്തമാക്കി. ടവര്‍ ഡംപ് പരിശോധനയിലൂടെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഈ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ജോളി രണ്ടുദിവസം കോയമ്പത്തൂരില്‍ താമസിച്ചിരുന്നു. ഇരുവരും ഒന്നിച്ച് ബാംഗ്ലൂരില്‍ പോയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ഓണക്കാലത്ത് രണ്ടു ദിവസം ജോളി കോയമ്പത്തൂരില്‍ പോയതായി പോലീസിന് നേരത്തേ വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ആറു മാസത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്നാണ് ഇവര്‍ നിരന്തരം കോയമ്പത്തൂര്‍ സന്ദര്‍ശിച്ചതായി അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടത്. ഓണക്കാലത്ത് ജോളി വീട്ടിലില്ലായിരുന്നെന്ന് മകന്‍ റോമോ പോലീസിന് മൊഴി നല്‍കിയിരുന്നു. കട്ടപ്പനയിലെ വീട്ടിലേക്ക് പോകുകയാണെന്നാണ് ജോളി പറഞ്ഞിരുന്നതെന്നും മകന്‍ പറഞ്ഞിരുന്നു.

എന്നാല്‍, ജോളി കട്ടപ്പനയിലെ വീട്ടില്‍ രണ്ടു ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളെന്നും അവിടെനിന്ന് കോയമ്പത്തൂരിലേക്കാണ് പോയതെന്നും പോലീസ് കണ്ടെത്തുകയായിരുന്നു. വീട്ടുകാരെ പോലും അറിയിക്കാതെ എന്തിനാണ് ജോളി കോയമ്പത്തൂരിലേക്ക് പോയതെന്ന സംശയമുണ്ടായതോടെയാണ് പോലീസ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയത്.
ജോളിയുമായി സൗഹൃദം ഉണ്ടെന്ന് ജോണ്‍സണ്‍ കഴിഞ്ഞ ദിവസം പോലീസിന് മൊഴി നല്‍കിയിരുന്നു. ജോളി ഏറ്റവും കൂടുതല്‍ തവണ ഫോണ്‍ വിളിച്ചവരില്‍ ഒരാള്‍ ജോണ്‍സണാണ്. ജോളിയോടൊപ്പം സിനിമയ്ക്ക് പോയിട്ടുണ്ടെന്നും കുടുംബത്തോടൊപ്പം വിനോദയാത്ര നടത്തിയിട്ടുണ്ടെന്നും ജോണ്‍സണ്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button