Latest NewsIndiaNews

ആദം ഹാരിയുടെ സ്വപ്നം പൂവണിയുന്നു; ഇനി ഉയരങ്ങളില്‍ പറക്കാം: രാജ്യത്തെ ആദ്യ ട്രാന്‍സ്‌മെന്‍ പൈലറ്റാകാന്‍ സര്‍ക്കാരിന്റെ സഹായം

തിരുവനന്തപുരം: തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയും ഇന്ത്യയില്‍ തന്നെ ആദ്യമായി പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ് ലഭിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയുമായ ആദം ഹാരിയുടെ (20) സ്വപ്നം പൂവണിയുകയാണ്. എയര്‍ലൈന്‍ പൈലറ്റാകന്നതിന് കൊമേഴ്‌സ്യല്‍ ലൈസന്‍സ് കരസ്ഥമാക്കാന്‍ സാമൂഹ്യനീതി വകുപ്പ് എല്ലാ സഹായങ്ങളും ഒരുക്കുകയാണ്. പഠനം പൂര്‍ത്തിയാക്കാനായി 25 ലക്ഷം രൂപയാണ് സാമൂഹ്യനീതി വകുപ്പ് അനുവദിക്കുന്നത്. സാമൂഹ്യനീതി വകുപ്പിന്റെ പ്ലാന്‍ഫണ്ടില്‍ നിന്നും 23.34 ലക്ഷം രൂപയും മറ്റാവശ്യങ്ങള്‍ക്കായി സാമൂഹ്യ സുരക്ഷ മിഷന്‍ വി കെയല്‍ പദ്ധതി വഴിയും ബാക്കി തുക അനുവദിക്കുന്നത്. തന്റെ സ്വപ്നങ്ങള്‍ പൂവണിയാന്‍ സഹായിച്ച ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിനെ സന്ദര്‍ശിച്ച് ആദം ഹാരി നന്ദി അറിയിച്ചു.

ആദം ഹാരിയുടെ ചെറുപ്പത്തിലേയുള്ള മോഹമായിരുന്നു ഒരു പൈലറ്റ് ആകണമെന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയാണെന്ന് നേരത്തെ തന്നെ വീട്ടുകാര്‍ക്ക് അറിയാമായിരുന്നുവെങ്കിലും പുറത്താര്‍ക്കും അറിയില്ലായിരുന്നു. അതിനാല്‍ തന്നെ ആദം ഹാരിയുടെ മോഹമനുസരിച്ച് ജോഹന്നാസ് ബര്‍ഗില്‍ പ്രൈവറ്റ് പൈലറ്റ് കോഴ്‌സിന് ചേര്‍ത്തു. ലോണെടുത്താണ് പഠനത്തിനുള്ള തുക കണ്ടെത്തിയത്. എന്നാല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തി പൈലറ്റ് ആകുന്നെന്ന വിവരം സോഷ്യല്‍ മീഡിയയില്‍ വന്നതോടെ ഇക്കാര്യം വീട്ടുകാര്‍ അറിയുകയും എല്ലാം മാറിമറിയുകയും ചെയ്തു. ബന്ധുക്കളും നാട്ടുകാരും കുറ്റപ്പെടുത്തിയതോടെ ആദം ഹാരിയെ ഒരു വര്‍ഷത്തോളം വീട്ടില്‍ തളച്ചിട്ടു.

തുടര്‍ന്ന് പല സ്ഥലങ്ങളില്‍ ജോലി ചെയ്തു. കിടക്കാനൊരിടം ഇല്ലാത്തതിനാല്‍ റെയില്‍വേ സ്റ്റേഷനില്‍ തങ്ങി. ഇതറിഞ്ഞ ചില ട്രാന്‍സ്‌ജെന്‍ഡര്‍ സുഹൃത്തുക്കളാണ് സാമൂഹ്യ നീതി വകുപ്പ് മന്ത്രിയെ കാണാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് ആദം ഹാരി സാമൂഹ്യ നീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകറേയും മന്ത്രി കെ.കെ. ശൈലജ ടീച്ചറേയും കണ്ടു. അങ്ങനെയാണ് ആദം ഹാരിയുടെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളച്ചത്.

ഇന്ത്യയിലെ പല ഏവിയേഷന്‍ അക്കാഡമികളേയും സമീപിച്ചെങ്കിലും അവരാരും അഡ്മിഷന്‍ നല്‍കാന്‍ തയ്യാറായില്ല. അവസാനം രാജീവ് ഗാന്ധി അക്കാഡമി ഫോര്‍ ഏവിയേഷന്‍ ടെക്‌നോളജിയുടെ ട്രെയിനി പൈലറ്റ് കോഴ്‌സില്‍ ചേരുന്നതിനുള്ള എല്ലാ സഹായവും വകുപ്പ് നടത്തിക്കൊടുത്തു. 3 വര്‍ഷത്തെ കോഴ്‌സ് ഫീ, ഹോസ്റ്റല്‍ ഫീസ്, ഉള്‍പ്പെടെ 23,34,000 രൂപയുടെ ഭരണാനുമതിയാണ് നല്‍കിയത്. ഇതുകൂടാതെയാണ് മറ്റ് ചെലവുകള്‍ക്കായി ബാക്കി തുക വി കെയര്‍ പദ്ധതിയിലൂടെ നല്‍കുന്നത്.

ജീവിതം അവസാനിച്ചു എന്ന് കരുതിയ സമയത്താണ് സാമൂഹ്യനീതി വകുപ്പ് തുണയായതെന്ന് ആദം ഹാരി പറഞ്ഞു. ഒരു തൊഴില്‍ അന്വേഷിച്ചാണ് മന്ത്രിയേയും സെക്രട്ടറിയേയും കണ്ടത്. എന്നാല്‍ നമുക്ക് പറക്കേണ്ടേ എന്നാണ് മന്ത്രി ചോദിച്ചത്. അതാണ് ഇപ്പോള്‍ സാക്ഷാത്ക്കരിച്ചതെന്നും അതിന് നന്ദി പറയാനാണ് എത്തിയതെന്നും ആദം ഹാരി പറഞ്ഞു.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ സമഗ്ര വികസനത്തിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതിനായി മഴവില്ല് എന്ന സമഗ്ര പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. അവരുടെ പഠനത്തിനും പരിശീലനത്തിനും ജോലിക്കും താമസത്തിനുമായുള്ള പദ്ധതികളാണ് നടപ്പാക്കി വരുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളോടുള്ള അവഗണനയ്‌ക്കെതിരെ ഏതറ്റംവരേയും പൊരുതും. പരിശ്രമിച്ചാല്‍ എത്ര ഉയരെ വേണോ എത്താമെന്നതിന് ഉദാഹരണമാണ് ഹാരിയെന്നും മന്ത്രി പറഞ്ഞു.

shortlink

Post Your Comments


Back to top button