നമ്മുടെ മാനസികാവസ്ഥ എപ്പോഴും ഒരുപോലെയായിരിക്കണമെന്നില്ല. ചിലപ്പോള്‍ ദേഷ്യവും, സങ്കടവും, ഒറ്റപ്പെടലും ഒക്കെ അനുഭവപ്പെടാം. സന്തോഷത്തിലിരിക്കുന്നവര്‍ തന്നെ ഇത്തിരി നേരം കഴിയുമ്പോള്‍ സമ്മര്‍ദത്തില്‍ അകപ്പെടുന്നതും കാണാം. ജീവിതത്തില്‍ ഉത്കണ്ഠയും സമ്മര്‍ദവും വര്‍ധിക്കുന്നതില്‍ വീടിനും കാര്യമായ പങ്കാണുള്ളത്. വീട്ടിലെ കാര്യങ്ങള്‍ ചിട്ടയായി നോക്കുകയും സാധനങ്ങള്‍ വൃത്തിയോടെയും അടുക്കും ചിട്ടയോടെയും സൂക്ഷിക്കുകയും ചെയ്താല്‍ സന്തോഷം വീണ്ടെടുക്കാം.
കഴിയുന്നതും വീടിന്റ അകത്തളം വൃത്തിയോടെ സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. പേപ്പറുകള്‍ വലിച്ചു വാരിയിട്ടിരിക്കുന്നതും പൊടിപടലങ്ങള്‍ നിറഞ്ഞിരിക്കുന്നതുമായ കാഴ്ച മനസിന്റെ സന്തോഷം കെടുത്തും. സിങ്കില്‍ കഴുകാതെയിട്ടിരിക്കുന്ന പാത്രങ്ങള്‍ പോലും സമ്മര്‍ദം ഉയര്‍ത്തുന്ന ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവിനെ ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ജോലി കഴിഞ്ഞ് തിരികെയെത്തി സ്വസ്ഥമായിരിക്കാന്‍ ആഗ്രഹിക്കുമ്പോഴായിരിക്കും ഈ ചിന്തകള്‍ സമ്മര്‍ദത്തില്‍ ആഴ്ത്തുക.
വീട്ടില്‍ എത്തിയയുടന്‍ റിമോട്ട് എടുത്ത് ടി.വി ഓണ്‍ ചെയ്യുന്ന സ്വഭാവം മാറ്റിവെയ്ക്കാം. ഉച്ചത്തില്‍ വച്ചിരിക്കുന്ന ടി.വിയില്‍ നിന്നുള്ള ശബ്ദവും സമ്മര്‍ദം കൂട്ടാനിടയുണ്ട്. മറ്റു ജോലികളെല്ലാം കഴിഞ്ഞ് വിശ്രമിക്കാനിരിക്കുമ്പോള്‍ മാത്രം ടി.വി കാണുന്നതാനായി ചിലവഴിക്കാം. ദിവസവും അല്‍പ്പനേരം കുടുംബാംഗങ്ങളുമായി സംസാരിക്കാനും സമയം കണ്ടെത്തണം.
കഴിക്കുന്ന ഭക്ഷണത്തിനും ഉത്കണ്ഠയുടെ അളവിനെ സ്വാധീനിക്കാനുള്ള കഴിവുണ്ട്. ധാരാളം വിറ്റാമിനും മിനറല്‍സുമുള്ള ഭക്ഷണങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നതിനൊപ്പം സമ്മര്‍ദം കൂട്ടുന്ന ജങ്ക് ഫുഡും കാപ്പിയുമൊക്കെ കുറയ്ക്കാം. പരമാവധി പുറത്തുനിന്നുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കാം. നിങ്ങള്‍ക്കിഷ്ടമുള്ള ഭക്ഷണം തയ്യാറാക്കുന്നതിലൂടെ മനസിന് ഏറെ സന്തോഷം ലഭിക്കും.
പണമിടപാടു സംബന്ധിച്ച രേഖകളും ഓഫീസ് ഫയലുകളുമൊക്കെ വീട്ടില്‍ എല്ലായ്പ്പോഴും കാണുന്ന സ്ഥലത്ത് വെയ്‌ക്കേണ്ട. ചിലരിലെങ്കിലും ഇവ സമ്മര്‍ദം കൂട്ടാനിടയുണ്ട്. വീട്ടില്‍ തന്നെ ചെറിയൊരു ഓഫീസ് മുറി ഒരുക്കിയോ അതല്ലെങ്കില്‍ ഇവ വെക്കാനായി പ്രത്യേകം അലമാര ഒരുക്കുകയോ ചെയ്യാം.
ജീവിതത്തില്‍ സമ്മര്‍ദം കൂടുന്നതില്‍ കൂടെ താമസിക്കുന്നവര്‍ക്കും പങ്കുണ്ട്. സുഹൃത്തുക്കളോ ഭര്‍ത്താവോ മക്കളോ ആയാലും അഭിപ്രായ വ്യത്യാസങ്ങള്‍ രൂപപ്പെടുകയും സമ്മര്‍ദത്തിലാഴുകയും ചെയ്തേക്കാം. ഇവയെ മറികടക്കാനായി വീട്ടില്‍ തന്നെ ഒരു സ്വകാര്യ സ്‌പേസ് ഒരുക്കാം. നിങ്ങള്‍ക്കിഷ്ടപ്പെട്ട ഹോബികള്‍ ചെയ്യുകയോ വായനയില്‍ മുഴുകുകയോ ആകാം.
Post Your Comments