ന്യൂഡൽഹി: ‘ഭാരത് മാതാ കീ ജയ്’ എന്നു വിളിക്കാൻ സാധിക്കാത്തവർ സ്വയം ലജ്ജിക്കണമെന്ന് പ്രമുഖ നടിയും, ബിജെപി സ്ഥാനാർഥിയുമായ സൊനാലി ഫോഗട്ട്. കഴിഞ്ഞ ദിവസം ഹരിയാനയിലെ ബൽസാമണ്ഡിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സംഭവം. പ്രചാരണത്തിൽ പ്രസംഗിക്കാൻ എഴുന്നേറ്റ സൊനാലി, കൂടിയിരിക്കുന്നവരോടു ‘ഭാരത് മാതാ കീ ജയ്’ എന്ന് ഏറ്റുപറയാൻ ആവശ്യപ്പെട്ടു. എന്നാൽ ചിലർ പ്രതികരിച്ചില്ല. തുടർന്നായിരുന്നു സൊനാലിയുടെ പരാമർശം.
നിങ്ങൾ പാക്കിസ്ഥാനിൽ നിന്നുള്ളവരാണോ? ഇന്ത്യക്കാരാണെങ്കിൽ ഭാരത് മാതാ കീ ജയ് എന്ന് ഉറക്കെ വിളിച്ചുപറയണം. കേവലം രാഷ്ട്രീയ ഭിന്നതയുടെ പേരിൽ സ്വന്തം രാജ്യത്തിനു ജയ് വിളിക്കാൻ സാധിക്കാത്തവരുടെ വോട്ടിനു യാതൊരു മൂല്യവുമില്ല. – സൊനാലി ഫോഗട്ട് പറഞ്ഞു.
പ്രമുഖ ആപ്പായ ടിക് ടോക്കിൽ ഒട്ടേറേ ആരാധകരുള്ള സൊനാലി ഫോഗട്ട്, കോൺഗ്രസ് നേതാവ് കുൽദീപ് ബിഷ്നോയ്ക്കെതിരെ ഹരിയാനയിലെ അദംപുർ മണ്ഡലത്തിൽ നിന്നാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. ഒൻപതു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുള്ള മുൻ മുഖ്യമന്ത്രി ഭജൻ ലാലിന്റെ മകനാണ് കുൽദീപ് ബിഷ്നോയ്.
Post Your Comments