കോഴിക്കോട് : കൂടത്തായി മരണപരമ്പര കേസിലെ അവിശ്വസനീയ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ ഞെട്ടലോടെയാണ് കേരളം കേള്‍ക്കുന്നത്. ജോളി വിരിച്ച മരണവലയില്‍ നിന്ന് രക്ഷപ്പെട്ടത് 5 പെണ്‍കുട്ടികളാണ്.
കൂടത്തായി കൂട്ടക്കൊലക്കേസില്‍ അറസ്റ്റിലായ ജോളി ജോസഫ് ആദ്യഭര്‍ത്താവിന്റെ സഹോദരിയുടെ മകള്‍ ഉള്‍പ്പെടെ 5 പെണ്‍കുട്ടികളെക്കൂടി കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് പൊലീസിനു വിവരം ലഭിച്ചിരിക്കുന്നത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പെണ്‍മക്കളുടെ നേരെയായിരുന്നു വധശ്രമം. 3 പെണ്‍കുട്ടികള്‍ക്കു നേരെയുണ്ടായ നീക്കത്തെക്കുറിച്ച് അന്വേഷണ ഘട്ടത്തില്‍ത്തന്നെ പൊലീസ് അറിഞ്ഞിരുന്നു. വീട്ടുകാരുടെ വിശദ മൊഴിയും രേഖപ്പെടുത്തി.
കൂട്ടക്കൊലയുടെ വാര്‍ത്ത പുറത്തുവന്നതോടെയാണു മറ്റു രണ്ടു പെണ്‍കുട്ടികളുടെ വീട്ടുകാരും സംശയം പ്രകടിപ്പിച്ചത്. ഇതിലൊരു പെണ്‍കുട്ടി ഇപ്പോള്‍ വിദേശത്താണ്. വിശദ അന്വേഷണത്തില്‍ ഇതും വധശ്രമമാണെന്നു പൊലീസിനു ബോധ്യമായി. ജോളി ഇവരുടെ വീട്ടിലുള്ള സമയത്തു ഭക്ഷണശേഷം കുട്ടികള്‍ വായിലൂടെ നുരയും പതയും വന്ന് അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കാരണം കണ്ടുപിടിക്കാനായില്ല.
ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിന്റെ മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്തിയെങ്കിലും മൂത്ത മകനു നേരെ വധശ്രമമുണ്ടായിരുന്നില്ല. മകള്‍ വളര്‍ന്നുവന്നാല്‍ ബാധ്യതയാകുമെന്നായിരുന്നു ഇക്കാര്യം ചോദിച്ചപ്പോള്‍ ജോളിയുടെ മറുപടി. ഈ ഘട്ടത്തിലാണ് മറ്റു പെണ്‍കുട്ടികളെ വധിക്കാന്‍ ശ്രമിച്ച കാര്യം അന്വേഷണ സംഘം തെളിവുസഹിതം നിരത്തിയത്. പെണ്‍കുട്ടികളെ ഇഷ്ടമല്ലെന്നായിരുന്നു അപ്പോള്‍ മറുപടി
ജോളി മൂന്നു തവണ ഗര്‍ഭഛിദ്രം നടത്തിയതും പെണ്‍കുഞ്ഞുങ്ങളോടുള്ള വെറുപ്പു കാരണമാണോയെന്നും പരിശോധിക്കുന്നു. കൂട്ടുപ്രതിയും ബന്ധുവുമായ എം.എസ്. മാത്യു നല്‍കിയ സയനൈഡ് പലപ്പോഴായി ഉപയോഗിക്കാന്‍ ജോളി സൂക്ഷിച്ചുവച്ചിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
Post Your Comments