കൊച്ചി : മരടിലെ ഫ്‌ളാറ്റുകളില്‍ നിന്ന് താമസക്കാരെ ഒഴിപ്പിച്ചെങ്കിലും പൊളിയ്ക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായില്ല. അതേസമയം, ഫ്‌ളാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാന്‍ പ്രതീക്ഷിക്കുന്ന ചെലവ് 2 കോടി രൂപയില്‍ താഴെയാണെന്നാണ് റിപ്പോര്‍ട്ട്. പൊളിച്ച അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത് ഇതില്‍ ഉള്‍പ്പെടില്ല. അതിനു പ്രത്യേക ടെന്‍ഡര്‍ വിളിക്കും. പൊളിക്കല്‍ കരാര്‍ ഏറ്റെടുക്കാന്‍ താല്‍പര്യപത്രം നല്‍കിയ കമ്പനികളില്‍ അന്തിമ പട്ടികയിലുള്ളവരുടെ പ്രതിനിധികളുമായി 11നു വീണ്ടും കൂടിക്കാഴ്ച നടത്തും.
ഫ്‌ളാറ്റ് പൊളിക്കലിനു വിദഗ്‌ധോപദേശം നല്‍കാന്‍ ഇന്‍ഡോറില്‍ നിന്നുള്ള എന്‍ജിനീയര്‍ എസ്.ബി. സര്‍വാതെയെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചു. ഇരുനൂറോളം ബഹുനില കെട്ടിടങ്ങള്‍ പൊളിച്ചതിന്റെ അനുഭവ സമ്പത്തുള്ളയാളാണ് അദ്ദേഹം. നാളെ കൊച്ചിയിലെത്തുന്ന സര്‍വാതെ ഫ്‌ലാറ്റുകള്‍ സന്ദര്‍ശിക്കും.
പരിചയ സമ്പത്തുള്ള ആളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്താനാണു സര്‍വാതെയുടെ ഉപദേശം തേടുന്നതെന്ന് മരട് നഗരസഭാ സെക്രട്ടറിയുടെ അധികച്ചുമതല വഹിക്കുന്ന ഫോര്‍ട്ട്‌കൊച്ചി സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് പറഞ്ഞു.
Post Your Comments