തൃശ്ശൂര്‍: കഞ്ചാവ് കേസില്‍ പിടിയിലായ പ്രതി രഞ്ജിത്ത് എക്‌സൈസ് കസ്റ്റഡിയില്‍ മരണപ്പെട്ട സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ അബ്ദുള്‍ ജബ്ബാര്‍, എംജി അനൂപ് കുമാര്‍, എക്സൈസ് ഓഫീസര്‍ നിധിന്‍ എം മാധവ് എന്നിവരാണ് അറസ്റ്റിലായത്. രഞ്ജിത്തിന്റെ മരണത്തെ തുടര്‍ന്ന് ഇവരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. അഡീഷണല്‍ എക്‌സൈസ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. പിടിയിലായ ഉദ്യോഗസ്ഥരെ കൂടാതെ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി എം സ്മിബിന്‍, എം ഒ ബെന്നി, മഹേഷ്, എക്‌സൈസ് ഡ്രൈവര്‍ വി ബി ശ്രീജിത്ത് എന്നിവരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റിലാകുമെന്ന് മനസിലായതോടെ ഇവര്‍ ഒളിവിലാണ്.
അന്വേഷണ ഉദ്യോഗസ്ഥനായ ഗുരുവായൂര്‍ എസിപി ബിജുഭാസ്‌കറിന്റെ മുന്‍പാകെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടും ഈ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു. ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിന് ഹാജരാവുകയും ചെയ്തിരുന്നില്ല. ഇതിനെത്തുടര്‍ന്ന് എട്ട് ഉദ്യോഗസ്ഥരുടെയും വീടുകളില്‍ പോലീസ് നോട്ടീസ് പതിച്ചിരുന്നു. എത്രയും വേഗം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നായിരുന്നു നോട്ടീസില്‍ പറഞ്ഞിരുന്നതെങ്കിലും ഉദ്യോഗസ്ഥരെ കുറിച്ച് യാതൊരു വിവരവും ഇല്ല. ഇവരുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണ് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങിയത്.
ഗുരുവായൂരില്‍ നിന്നാണ് രഞ്ജിത്തിനെ കസ്റ്റഡിയില്‍ എടുത്തതെന്ന് പ്രാഥമിക അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിരുന്നു. പാവറട്ടി കൂമ്പുള്ളി പാലത്തിനടുത്തുള്ള ഗോഡൗണില്‍ പോലീസ് പരിശോധന നടത്തി. ഇവിടെ രഞ്ജിത്തിനെ കൊണ്ടുവന്ന് എക്സൈസ് ചോദ്യം ചെയ്തതായാണ് വിവരം. തിരൂരില്‍ നിന്നാണ് രഞ്ജിത്തിനെ കസ്റ്റഡിയില്‍ എടുത്തതെന്ന തരത്തില്‍ നേരത്തെ പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഗുരുവായൂരില്‍ വച്ച് തന്നെയാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇയാളെ കസ്റ്റഡിയില്‍ എടുത്തതെന്ന് പോലീസ് പറഞ്ഞു. എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഇങ്ങനെ ഒരു നടപടി ഉണ്ടാകാനുള്ള കാരണം എന്ത്, എങ്ങനെയാണ് അവര്‍ ഗുരുവായൂരില്‍ എത്തിയത്, തിരൂരില്‍ പോകാനുള്ള സാഹചര്യം എന്തായിരുന്നു തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും പോലീസ് അന്വേഷിച്ച് വരികയാണ്.
ഒക്ടോബര്‍ ഒന്നിനാണ്, മലപ്പുറം സ്വദേശിയായ രഞ്ജിത്ത് എക്‌സൈസ് കസ്റ്റഡിയില്‍ മരിച്ചത്. എക്‌സൈസ് ഉദ്യോഗസ്ഥരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, ആശുപത്രിയിലെത്തിക്കും മുമ്പേ രഞ്ജിത്ത് മരിച്ചിരുന്നു. പന്ത്രണ്ടോളം ക്ഷതങ്ങള്‍ ഇയാളുടെ ശരീരത്തില്‍ ഉണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. മര്‍ദ്ദനമേറ്റാണ് മരണം സംഭവിച്ചതെന്നും ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
Post Your Comments