ഹൈദരാബാദ്: തെലുങ്കാനയിൽ അനിശ്ചിതകാല സമരം നടത്തിയ 48,000 ടിഎസ്ആര്‍ടിസി ജീവനക്കാരെ തെലുങ്കാന സര്‍ക്കാര്‍ പിരിച്ചു വിട്ടു. സമരത്തിനിറങ്ങിയ തെലുങ്കാന സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.
ആന്ധ്രപ്രദേശിലേതുപോലെ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനെ സംസ്ഥാന സര്‍ക്കാരുമായി ലയിപ്പിക്കണമെന്നായിരുന്നു ജീവനക്കാരുടെ മുഖ്യ ആവശ്യം . എന്നാല്‍ ഇത് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. തെലുങ്കാന മുഖ്യമന്ത്രി കെ .ചന്ദ്രശേഖര റാവുമായി കൂടിക്കാഴ്ച നടത്തിയതിനു തൊട്ടു പിന്നാലെയായിരുന്നു ജീവനക്കാരെ പിരിച്ചു വിട്ട നടപടി.
അതേസമയം, നിലവില്‍ 12,00 തൊഴിലാളികള്‍ മാത്രമാണ് ടിഎസ്ആര്‍ടിസിയില്‍ ഉള്ളത്. ശനിയാഴ്ച വൈകുന്നേരം ആറിനു മുന്‍പായി സമരം അവസാനിപ്പിച്ച് ജോലിയില്‍ പ്രവേശിക്കണമെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അന്ത്യശാസനം നല്‍കിയിരുന്നു. ഇത് അംഗീകരിക്കാത്ത തൊഴിലാളികളെയാണ് പുറത്താക്കിയത്.
ജീവനക്കാര്‍ കുറവായതിനാല്‍ പല സര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്. സമരത്തെ തുടര്‍ന്ന് ബദല്‍ ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഒരുക്കിയിരുന്നുവെങ്കിലും നവരാത്രി സീസണായതിനാല്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
Post Your Comments