കൊല്ലൂര്‍: കുടജാദ്രിയുടെ താഴ്‌വാരത്തിലുള്ള കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെത്തിയാല്‍ അടിമുടി ഒരു ‘മലയാളി ടച്ച് ‘ കാണാം. ക്ഷേത്രം ട്രസ്റ്റിയായി സേവനം അനുഷ്ഠിക്കുന്ന മുപ്പത്തിയെട്ടുകാരനായ കൊട്ടാരക്കര മേല്‍ക്കുളങ്ങര സ്വദേശി പി.വി. അഭിലാഷാണ് ദേവീ കടാക്ഷം ആവോളമുള്ള ആ മലയാളി സാന്നിദ്ധ്യം. മൂകാംബിക ദേവീക്ഷേത്രം ട്രസ്റ്റി ആകുന്ന ആദ്യ മലയാളി, ഏറ്റവും പ്രായം കുറഞ്ഞ അംഗം എന്നീ നേട്ടങ്ങളും അഭിലാഷിന് മാത്രം സ്വന്തം. എല്ലാം ജഗദംബികയുടെ പുണ്യവും വരദാനവുമെന്നാണ് ഈ സൗഭാഗ്യത്തെക്കുറിച്ച് അഭിലാഷ് പറയുക.
മംഗലാപുരം എ.ജെ ആശുപത്രിയില്‍ ഫിസിയോ തെറാപ്പി പഠിക്കാന്‍ 1998ല്‍ വണ്ടികയറിയ അഭിലാഷ് ദേവീദാസനായി മാറിയതും അമ്മയുടെ നിശ്ചയമാകാം. പഠിക്കുന്ന സമയത്ത് അഭിലാഷ് ഒരുദിവസം ക്ഷേത്രദര്‍ശനത്തിന് പോയി. അത് പതിവായി. ഒഴിവു വേളകളിലെല്ലാം വാഗ്‌ദേവതയുടെ സന്നിധിയില്‍ എത്തിയ അഭിലാഷ് കടുത്ത ദേവീഭക്തനായി. ഫിസിയോതെറാപ്പിയില്‍ പി.ജിയെടുത്ത ശേഷം എ.ജെ ആശുപത്രിയില്‍ അസോസിയേറ്റ് പ്രൊഫസറായി. ആത്മാര്‍ത്ഥമായി സേവനം അനുഷ്ഠിച്ച അഭിലാഷ് മാനേജ്മെന്റിന്റെ വിശ്വസ്തനായി.
ആശുപത്രി മനേജ്‌മെന്റിന് കേന്ദ്ര ,സംസ്ഥാന സര്‍ക്കാരുകളില്‍ ഉണ്ടായ വലിയ സ്വാധീനവും അഭിലാഷിന്റെ രാഷ്ട്രീയ ബന്ധങ്ങളും വളര്‍ച്ചയ്ക്ക് സഹായമായി. കര്‍ണാടക സര്‍ക്കാര്‍ നോമിനിയാക്കിയ മേഖലകളിലെല്ലാം അഴിമതിയില്ലാതെ, സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച് കഴിവുതെളിയിച്ചതാണ് മൂകാംബിക അമ്മയെ സേവിക്കാനുള്ള പദവിയിലേക്ക് അഭിലാഷിനെ എത്തിച്ചത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കാലത്താണ് സര്‍ക്കാര്‍ നോമിനിയായി കൊല്ലൂര്‍ ട്രസ്റ്റി ബോര്‍ഡില്‍ നിയമിച്ചത്. കൊട്ടാരക്കര മേല്‍കുളങ്ങരയിലെ റിട്ട. അദ്ധ്യാപക ദമ്ബതികളായ കെ. പ്രഭാകരന്റെയും വിജയകുമാരിയുടെയും ഏകമകനാണ്. അഭിഭാഷകയായ അഞ്ജലിയാണ് ഭാര്യ. അഭിരാമി, അദിത്രി എന്നിവര്‍ മക്കളാണ്.
Post Your Comments