പത്തനംതിട്ട: ഭൗമശാസ്ത്ര രഹസ്യങ്ങൾ പഠിക്കാൻ ഇന്ത്യയുടെ സമുദ്ര ഗവേഷണ കപ്പലായ സാഗർകന്യക കേരള തീരത്തേക്ക്. കാലങ്ങളായി മഹാപ്രളയങ്ങളിൽ മൂന്നു നദികളിലെ എക്കൽ ഇത്രകാലം വന്നടിഞ്ഞിട്ടും കുട്ടനാട് ഇപ്പോഴും എന്തുകൊണ്ട് സമുദ്രനിരപ്പിനു താഴെ കിടക്കുന്നു എന്നതാണ് ഗവേഷക സംഘത്തിന്റെ മുഖ്യ പഠന വിഷയം.
പ്രളയത്തെ തുടർന്ന് പമ്പാനദിയുടെയും മറ്റു നദികളുടെയും അഴിമുഖത്ത് അടിഞ്ഞു കൂടിയിരിക്കുന്ന എക്കലിൽ നിന്നു വിലപ്പെട്ട ഭൗമശാസ്ത്ര രഹസ്യങ്ങൾ പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഒരു സംഘം യുവ സമുദ്ര ഭൗമ ഗവേഷകർ. ചെന്നൈയിൽ നിന്നു തിങ്കളാഴ്ച പുറപ്പെടുന്ന കപ്പൽ ശ്രീലങ്കയും കന്യാകുമാരിയും ചുറ്റി ആലപ്പുഴ, കൊല്ലം ജില്ലകളുടെ തീരത്താകും കൂടുതൽ പഠനം നടത്തുക. കാലാവസ്ഥാ മാറ്റം, ആഴിയും പൊഴിയും തമ്മിലുള്ള ബന്ധം, കരയിലെ മാറ്റങ്ങൾ എന്നിവ സംബന്ധിച്ച പഠനത്തിന് ആവശ്യമായ തെളിവുകൾ ശേഖരിക്കുകയാണ് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഗവേഷണത്തിന്റെ ലക്ഷ്യം. കേരള തീരത്ത് മാത്രം കാണുന്ന ചാകര എന്ന പ്രതിഭാസവും പമ്പാ നദിയും തമ്മിലുള്ള ബന്ധത്തിന്റെ രഹസ്യവും ഇവർ പേടിക്കും.
കടലിനടിയിൽ ഒന്നര കിലോമീറ്ററോളം ആഴത്തിൽ രൂപപ്പെട്ടിട്ടുള്ള ആലപ്പുഴ തട്ടിനെപ്പറ്റി (ടെറസ്) പ്രത്യേക ഗവേഷണം നടത്തും. മഹാപ്രളയത്തിൽ എത്തിയ മണ്ണ്, അതിലെ ജൈവാംശം, കാലഗണന തുടങ്ങി വിവിധ തലങ്ങളിലുള്ള പഠനമാണ് ലക്ഷ്യമിടുന്നതെന്നു തിരുവനന്തപുരം ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം (എൻസെസ്) ഹൈഡ്രോളജി ഗ്രൂപ്പ് ഹെഡ് ഡോ. ഡി.പദ്മലാൽ പറഞ്ഞു.
Post Your Comments