കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വീണ്ടും വിദേശയാത്രയിൽ. എന്തിനാണ് യാത്ര എന്നോ എവിടേക്കാണ് പോവുന്നത് എന്നോ വ്യക്തമാക്കാതെയുള്ളതാണ് ഇതും. ഏറെ രസകരം, കോൺഗ്രസ് പാർട്ടി വല്ലാത്ത ഒരു രാഷ്ട്രീയ പ്രതിസന്ധിയിൽ പെട്ടുഴലുമ്പോഴാണ് അദ്ദേഹം നാടുവിട്ടത് എന്നതാണ്. ഈ മാസം 21 -നാണ് മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. അവിടെയൊക്കെ ഗുരുതരമായ സംഘടനാ പ്രശ്നങ്ങളാണ് കോൺഗ്രസ് അഭിമുഖീകരിക്കുന്നത്. പരാജയ ഭീതി അവരെ തുറിച്ചുനോക്കുകയും ചെയ്യുന്നു. അതിനൊക്കെ പരിഹാരം കാണുന്നതിന് പകരം, പ്രചാരണ പ്രവർത്തനങ്ങളിൽ വ്യാപൃതമാവാതെ രാജ്യം വിടാനായിരുന്നു മുൻ കോൺഗ്രസ് അധ്യക്ഷന്റെ തീരുമാനം. അതെ സമയം എസ്‍പിജി – യെ ഒഴിവാക്കിക്കൊണ്ടുള്ള ഇത്തരം യാത്രകൾ അനുവദിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ സോണിയ പരിവാറിനെ അറിയിച്ചതായും വാർത്തകളുണ്ട്. അത് രാഹുലിന്റെയും മറ്റും തുടർച്ചയായ രഹസ്യ യാത്രകൾക്ക് പ്രശ്നമായിത്തീരാനാണ് സാധ്യത.
മഹാരാഷ്ട്രയിലും ഹരിയാനയിലും മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇന്നിപ്പോൾ തെരുവിലിറങ്ങിയിരിക്കുകയാണ്. സീറ്റ് വിതരണം മാത്രമല്ല തിരഞ്ഞെടുപ്പിന് മുൻപായി പാർട്ടിയിൽ വരുത്തിയ മാറ്റങ്ങളും അവരെ ചൊടിപ്പിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ മുതിർന്ന നേതാവായ സഞ്ജയ് നിരൂപവും മറ്റും വിദ്വേഷം പരസ്യമായി പ്രകടിപ്പിച്ചു. തങ്ങൾ ആവശ്യപ്പെടുന്ന ഒരാൾക്കും സീറ്റ് കൊടുത്തില്ലെന്നാണ് പല പ്രമുഖരുടെയും പരാതി. എന്നാൽ ലോകസഭാ തിരഞ്ഞെഉടപ്പിൽ പരാജയപ്പെട്ടവരെ മാറ്റിനിർത്തി മുന്നോട്ട് പോകുന്നു എന്നതാണ് കോൺഗ്രസ് ഹൈക്കമാൻഡ് നിലപാട്. എന്തായാലും അനവധിപേർ വിമതരായി രംഗത്ത് വന്നിട്ടുണ്ട്. എന്സിപിയുമായി കൂട്ടുകെട്ടുണ്ടാക്കിയാണ് അവിടെ അവർ മത്സരിക്കുന്നത്. കോൺഗ്രസിൽ ഉണ്ടായിട്ടുള്ള പ്രശ്നങ്ങൾ തങ്ങളെയും ബാധിക്കുന്നു എന്നതാണ് ശരദ് പവാറിന്റെ പ്രശ്നം.
ഹരിയാനയിലേത് മഹാരാഷ്ട്രയിലേതിനേക്കാൾ വലിയ തലവേദനയാണ്. രാഹുൽ ഗാന്ധി നിയമിച്ച പിസിസി പ്രസിഡന്റിനെ സോണിയ ഗാന്ധി പുറത്താക്കി. എന്നിട്ട് മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹുഡക്ക് ഹൈക്കമാൻഡ് പൂർണ്ണമായും കീഴടങ്ങി. സോണിയ തന്റെ വിശ്വസ്തയായ സെൽജയെ പിസിസി പ്രസിഡന്റുമാക്കി. എന്ന രാഹുൽ നോമിനിയായ മുൻ പിസിസി പ്രസിഡന്റ് അതിനോട് പ്രതികരിച്ചത് ആയിരങ്ങളെ അണിനിരത്തിക്കൊണ്ടുള്ള ഒരു മാർച്ചിലൂടെയായിരുന്നു; അതാവട്ടെ സോണിയയുടെ വസതിക്ക് മുന്നിലും. പട്ടികജാതി വിഭാഗത്തിൽ പെട്ട അശോക് തൻവറാണ് ആ മുൻ പിസിസി പ്രസിഡന്റ്. ഇതൊക്കെ കഴിഞ്ഞിട്ടും ഹൈക്കമാൻഡ് വഴങ്ങാതായപ്പോൾ, അശോക് തൻവർ കോൺഗ്രസിൽ നിന്ന് തന്നെ രാജിവെച്ചു. നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസങ്ങളിലാണ് ഇതൊക്കെ അരങ്ങേറിയത്. എന്നാൽ ഈ പ്രശ്ങ്ങളിൽ ഇടപെടാനോ ചർച്ചകൾ നടത്താനോ രാഹുൽ തയ്യാറായില്ല എന്നതാണ് രസകരം. ഡൽഹിയിൽ കലാപം നടക്കുമ്പോൾ വയനാട്ടിലേക്ക് എത്തുകയാണ് രാഹുൽ ചെയ്തത്; തിരിച്ചെത്തിയ ഉടനെ പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പെട്ടെന്ന് വിദേശത്തേക്കും കടന്നു. ഇതൊക്കെ സൃഷ്ടിച്ച സോണിയ കൂട്ടുകെട്ട് തന്നെ അതൊക്കെ പരിഹരിച്ചോട്ടെ എന്നതാണ് രാഹുലിന്റെ സമീപനം എന്ന് വ്യക്തം. റോബർട്ട് വാദ്രയുടെ സ്വന്തക്കാരനായാണ് ഹൂഡ നേരത്തെ അറിയപ്പെട്ടിരുന്നത്. ഇപ്പോൾ എ വാദ്രക്ക് സോണിയ കീഴടങ്ങി എന്നാണ് തൻവർ ആക്ഷേപിച്ചിരിക്കുന്നത്. അതിന് മറുപടി നല്കാൻ ഹൈക്കമാൻഡിന് കഴിയുന്നുമില്ല.
എത്ര നാളത്തേക്കാണ് രാഹുലിന്റെ ഈ വിദേശ യാത്ര എന്നതറിയില്ല; അതൊന്നു വിശദീകരിക്കാൻ രാഹുലോ അദ്ദേഹത്തിന്റെ പാർട്ടിയോ തയ്യാറല്ല താനും. യാത്ര സംബന്ധിച്ച എന്തെങ്കിലും സൂചനകൾ അദ്ദേഹം പതിവുപോലെ നൽകിയിട്ടില്ല. മറ്റെന്തും ട്വീറ്റ് ചെയ്യുന്ന രാഹുലിന് ഇതൊക്കെ ഒഴിവാക്കാൻ പ്രയാസമില്ല. ഇത് ആദ്യത്തെ രഹസ്യ യാത്രയല്ലല്ലോ; എത്രയോ വട്ടം അദ്ദേഹം രാജ്യം വിട്ടത് എസ്‌പിജിയെ മാറ്റിനിർത്തിക്കൊണ്ടാണ്. സോണിയ ഗാന്ധി സ്വീകരിച്ച നിലപാടും ഏതാണ്ട് അതൊക്കെത്തന്നെയാണ്. ഇവരുടെ സമീപനം കണ്ടാൽ സ്വന്തം നാട്ടിൽ മാത്രമേ ഇവർക്ക് ശത്രുക്കളുള്ളൂ,ഭീഷണിയുള്ളു എന്നാണ് തോന്നുക. എന്തായാലും ഇക്കാര്യം കേന്ദ്ര സർക്കാർ ഗൗരവത്തിലെടുത്തുകഴിഞ്ഞു എന്നതാണ് ഏറ്റവും ഒടുവിലത്തെ വാർത്തകൾ. സോണിയ പരിവാറിന്റെ സുരക്ഷയുടെ ഉത്തരവാദിത്വം കേന്ദ്രത്തിനാണ് എന്നതാണ് അവർ ഉയർത്തുന്ന പ്രശ്നം. എവിടെയെങ്കിലും വെച്ച് എന്തെങ്കിലും സംഭവിച്ചാൽ കേന്ദ്ര സർക്കാർ പ്രതിക്കൂട്ടിലാവുമല്ലോ.
ഇപ്പോൾ സോണിയ പരിവാർ ചെയ്യുന്നത് വിദേശ യാത്രക്ക് പുറപ്പെടുമ്പോൾ ആദ്യമെത്തുന്ന രാജ്യത്ത് നിന്ന് എസ്‌പിജി സംഘത്തെ തിരിച്ചയക്കും; പിന്നീടങ്ങോട് സ്വകാര്യ യാത്രകളാണ്. എവിടെ എന്തിന് പോകുന്നു എന്നും മറ്റും ആരുമന്വേഷിക്കില്ലല്ലോ. അതിനാണിപ്പോൾ ചങ്ങലകൾ വീഴുന്നത്. എവിടെ പോകുന്നെങ്കിലും സോണിയ, രാഹുൽ, പ്രിയങ്ക എന്നിവർ നേരത്തെ എസ്‌പിജിയെ ധരിപ്പിക്കണം. യാത്രയുടെ ഷെഡ്യൂൾ അവർ അറിയണം. എവിടെയായാലും അവരും കൂടെ ഉണ്ടാവും. ഓരോ മിനിറ്റിലെ നീക്കവും ഇനിമുതൽ എസ്‍പിജി അറിഞ്ഞിരിക്കുമെന്നർത്ഥം.
ഇന്ദിര വധത്തെത്തുടർന്നാണ് എസ്‌പിജിക്ക് രൂപം നൽകിയത്. അത് പ്രധാനമന്ത്രി, രാഷ്‌ട്രപതി എന്നിവരെ ഉദ്ദേശിച്ചായിരുന്നു ഈ പ്രത്യേക സേന രൂപപ്പെട്ടത് ; അതിനിടയിലേക്കാണ് സോണിയ പരിവാർ കടന്നുവന്നത്. മൻമോഹൻ സിങ്ങിന് പ്രധാനമന്ത്രി പദം ഒഴിഞ്ഞശേഷവും ആ സുരക്ഷാ സംവിധാനമുണ്ടായിരുന്നു; അത് പിന്നീട് പിൻവലിച്ചുവെങ്കിലും കനത്ത സുരക്ഷാ തന്നെയാണുള്ളത്. എന്നാൽ സോണിയയുടെ കാര്യത്തിൽ വിട്ടുവീഴ്ചകൾക്ക് സർക്കാർ തയ്യാറായിട്ടില്ല. അതിനിടയ്ക്കാണ് അവർ തന്നെ എസ്‌പിജിയെ ഒഴിവാക്കുന്ന സമ്പ്രദായം ശ്രദ്ധയിൽ പെട്ടത്. ക്യാബിനറ്റ് സെക്രട്ടറിയാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്; അതുപ്രകാരം ഏതാനും നാൾ മുൻപ് വരെ അവർ നടത്തിയ വിദേശയാത്രയുടെ വിശദാംശങ്ങളും ആരാഞ്ഞിട്ടുണ്ട്. മാത്രമല്ല മേലിൽ എസ്‍പിജി -യെ ഒഴിവാക്കാൻ കഴിയുകയുമില്ല. അതിന്റെ ആവശ്യമില്ല എന്നതാണ് കേന്ദ്രം പറയുന്നത്. ഇവരുടെയൊക്കെ സുരക്ഷാ കണക്കിലെടുത്താണ് എസ്‌പിജി യുടെ അംഗബലം 3,000 -ഓളമാക്കിയത്.
Post Your Comments