കോഴിക്കോട്: കൂടത്തായിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുമ്പോള്‍ പ്രതിക്കൂട്ടിലായിരിക്കുന്നത് ഉറ്റബന്ധുവായി ജോളിയാണ്. 22 വര്‍ഷം മുന്‍പാണ് ഇടുക്കി കട്ടപ്പന സ്വദേശിയായ ജോളി റോയി തോമസിനെ വിവാഹം ചെയ്ത് കൂടത്തായിയിലെത്തുന്നത്. റോയിയുടെ അമ്മയുടെ സഹോദരന്‍ മഞ്ചാടിയില്‍ മാത്യുവിന്റെ ബന്ധുവായിരുന്നു ജോളി, മാത്യുവിന്റെ വീട്ടില്‍ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ഈ ബന്ധം പ്രണയത്തിലേക്ക് വഴി മാറുകയും വിവാഹിതരാവുകയും ചെയ്തു. റോയിയുടെ മാതാപിതാക്കളെയും റോയിയെയും കൊലപ്പെടുത്തിയതിനു പിന്നാലെ മഞ്ചാടി മാത്യുവിനെയും ജോളി കൊലപ്പെടുത്തി. റോയിയുടെ മരണത്തില്‍ മാത്യു സംശയം പ്രകടിപ്പിച്ചിരുന്നു എന്നത് തന്നെയായിരുന്നു കാരണം.
അതേസമയം ജോളിയുടെ അറസ്‌റ്റോടെ ഇന്നലെ നടക്കേണ്ടിയിരുന്ന സ്വത്ത് ഭാഗം വയ്ക്കല്‍ നടന്നില്ല. പൊന്നാമറ്റം ടോം തോമസിന്റെ പേരിലുള്ള സ്വത്ത് ഇന്നലെ റജിസ്റ്റര്‍ ചെയ്യാനുള്ള തീരുമാനമാണ് നടക്കാതെ വന്നത്. പകരം പ്രതീക്ഷകള്‍ക്ക് വിപരീതമായി ജോളിയുടെ അറസ്റ്റാണ് നടന്നത്. അറസ്റ്റോടെ താമരശ്ശേരി റജിസ്ട്രാര്‍ ഓഫിസില്‍ നടക്കേണ്ട റജിസ്‌ട്രേഷന്‍ നടപടികള്‍ മുടങ്ങി. ജോളി വ്യാജ ഒസ്യത്ത് ചമച്ചത് റോയിയുടെ സഹോദരന്‍ റോജോ തോമസിന്റെയും സഹോദരിയുടെയും ശ്രദ്ധയില്‍ പെട്ടതോടെ അവകാശത്തര്‍ക്കം ഉണ്ടാകുകയും പ്രശ്‌നം നിയമ നടപടിയിലേക്കു നീങ്ങുകയുമായിരുന്നു. ഒസ്യത്തില്‍ കുടുംബവുമായി പരിചയമില്ലാത്ത ചൂലൂര്‍ സ്വദേശികള്‍ സാക്ഷികളായി ഒപ്പിട്ടിരുന്നതും സംശയത്തിനിടയാക്കി.
ഇതിനിടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് റോജോ കോഴിക്കോട് റൂറല്‍ എസ്പിക്കു പരാതി നല്‍കിയതോടെ പോലീസ് അന്വേഷണത്തിനു തടയിടുന്നതിനായി ജോളി സ്വത്തു പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ സമ്മതിച്ചു. കൊല്ലപ്പെട്ട റോയിയുടെ രണ്ടു മക്കള്‍ക്കും രണ്ടു സഹോദരങ്ങള്‍ക്കുമായി സ്വത്തു വീതിക്കാനായിരുന്നു തീരുമാനം. അതനുസരിച്ചുള്ള റജിസ്‌ട്രേഷനാണ് ഇന്നലെ നടക്കേണ്ടിയിരുന്നത്. ജോളിയെ പോലീസ് അറസ്റ്റ് ചെയ്തതോടെ രണ്ടാം ഭര്‍ത്താവ് ഷാജു ഇന്നലെത്തന്നെ സ്വന്തം വീട്ടിലേക്കു മടങ്ങിപ്പോയി. ജോളിയുടെ കുട്ടികള്‍ പിതാവ് റോയിയുടെ സഹോദരിയുടെ കൂടെയാണ് പോയത്.
Post Your Comments