കൊച്ചി: പൂതന പരാമർശത്തിൽ, അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനോട് മന്ത്രി ജി സുധാകരൻ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ത്രീകളെ അപമാനിക്കുന്നത് പതിവായിട്ടും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയിട്ടില്ല. പാർട്ടി നേതൃത്വവും വിഷയത്തിൽ ഖേദം പ്രകടിപ്പിച്ചില്ല. സ്ത്രീകളെ അപമാനിക്കുന്നത് സിപിഎം നേതാക്കളുടെ ഫാഷനായി മാറി. അരൂരിൽ പരാജയ ഭീതി പൂണ്ട് സമനില തെറ്റിയാണ് സിപിഎമ്മും മന്ത്രി ജി സുധാകരനും പ്രവർത്തിക്കുന്നതെന്നും, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെക്കാൾ കിട്ടിയ ഭൂരിപക്ഷത്തെക്കാൾ വോട്ട് നേടി ഷാനിമോൾ ഉസ്മാൻ അരൂരിൽ ജയിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ ദിവസവും ജി സുധാകരന്റെ പരാമർശത്തിനെതിരെ രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. സുധാകരന്റെ പ്രസ്താവന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽ കൊണ്ടുവരും. പ്രസ്താവനയെ നിയമപരമായി നേരിടുമെന്നും സുധാകരൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നുമാണ് ഇന്നലെ ആവശ്യപ്പെട്ടത്.
Post Your Comments