തിരുവനന്തപുരം : അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരേ മന്ത്രി ജി. സുധാകരൻ നടത്തിയ പൂതന പരാമർശത്തിൽ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പരാമർശം പരിശോധിക്കും. ഏതു സാഹചര്യത്തിലായിരുന്നു പരാമർശമെന്നു സുധാകരനോട് ചോദിക്കും. സുധാകരൻ അറിയപ്പെടുന്ന കവിയും സാഹിത്യകാരനുമാണ്. സ്ത്രീകളെ അപമാനിക്കുന്നതിനോട് സിപിഎമ്മിന് യോജിപ്പില്ല. പ്രസ്താവന തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും കോടിയേരി പറഞ്ഞു.
അതേസമയം പൂതന പരാമർശത്തിൽ, ഷാനിമോൾ ഉസ്മാനോട് മന്ത്രി ജി സുധാകരൻ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്ത്രീകളെ അപമാനിക്കുന്നത് പതിവായിട്ടും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയിട്ടില്ല. പാർട്ടി നേതൃത്വവും വിഷയത്തിൽ ഖേദം പ്രകടിപ്പിച്ചില്ല. സ്ത്രീകളെ അപമാനിക്കുന്നത് സിപിഎം നേതാക്കളുടെ ഫാഷനായി മാറി. അരൂരിൽ പരാജയ ഭീതി പൂണ്ട് സമനില തെറ്റിയാണ് സിപിഎമ്മും മന്ത്രി ജി സുധാകരനും പ്രവർത്തിക്കുന്നതെന്നും, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെക്കാൾ കിട്ടിയ ഭൂരിപക്ഷത്തെക്കാൾ വോട്ട് നേടി ഷാനിമോൾ ഉസ്മാൻ അരൂരിൽ ജയിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
Post Your Comments