പാലാ: സംസ്ഥാന ജൂനിയർ അത്‍ലറ്റിക് ചാമ്പ്യൻഷിപ്പ് നിർത്തിവയ്ക്കാൻ തീരുമാനം. കഴിഞ്ഞ ദിവസം മത്സരത്തിനിടെ ഹാമർ വീണ് വോളന്‍റിയറായ പാല സെന്‍റ് തോമസ് ഹയർസെക്കൻറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി അഫീൽ ജോൺസന്റെ തലയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് മീറ്റ് നിർത്തി വച്ചത്. വിദ്യാർത്ഥിയുടെ നില ഗുരുതരമായി തന്നെ തുടരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്ക് വിധേയനാക്കിയ അഫീൽ ജോൺസൻ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവമുണ്ടായത്. ജൂനിയർ അത്‍ലറ്റിക് മീറ്റിന്‍റെ ആദ്യദിനത്തിൽ ജാവലിൻ, ഹാമർ ത്രോ മത്സരങ്ങൾ നടക്കവേ ഗ്രൗണ്ടിൽ വീണ ജാവലിനുകൾ എടുത്ത് മാറ്റാൻ നിന്ന അഫീൽ ജോൺസന്‍റെ തലയിലേക്ക് എതിർദിശയിൽ നിന്ന് വന്ന ഹാമർ വീഴുകയായിരുന്നു. ഭാരമേറിയ ഇരുമ്പ് ഗോളം പതിച്ച് അഫീലിന്‍റെ തലയോട്ടി തകർന്നു. ഉടൻ തന്നെ അഫീലിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം ചാമ്പ്യൻഷിപ്പ് അശ്രദ്ധമായി കൈകാര്യം ചെയ്തതിന് അത്‍ലറ്റിക് ഫെഡറേഷൻ ഭാരവാഹികൾക്ക് എതിരെ പോലീസ് കേസെടുത്തു. സംഘാടകരുടെ വീഴ്ചയാണ് അപകടത്തിന് കാരണമെന്നും ആരോപണമുണ്ട്. ജാവലിൻ, ഹാമർ ത്രോ മത്സരങ്ങൾ ഒരേസമയമാണ് നടത്തിയത്. ഗ്രൗണ്ടിന്‍റെ രണ്ട് ഭാഗത്ത് നടത്തിയ മത്സരങ്ങൾക്ക് ഒരു ഫിനിഷിംഗ് പോയിന്റ് ആണ് ഉണ്ടായിരുന്നത്. സംഘാടകർ ആരോപണം തള്ളി.
Post Your Comments