കോഴിക്കോട് : കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറുപേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. പോലീസ് കസ്റ്റഡിയിൽ എടുത്ത മുഖ്യപ്രതി ജോളി, സയനൈഡ് എത്തിച്ചു നൽകിയ ജ്വല്ലറി ജീവനക്കാരൻ മാത്യു, മാത്യുവിന്റെ സുഹൃത്ത് സ്വർണ്ണ പണിക്കാരനായ പ്രജുകുമാർ എന്നിവരാണ് അറസ്റ്റിലായത്. വടകര റൂറല്‍ എസ്.പി. ഓഫീസില്‍വെച്ച് ചോദ്യം ചെയ്ത ശേഷമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെയും പിതാവിനെയും ചോദ്യംചെയ്യലിനു ശേഷം നേരത്തെ വിട്ടയച്ചിരുന്നു. അതേസമയം സയനൈഡ് നൽകിയത് താനാണെന്നും, ജോളിയുമായി സൗഹൃദ ബന്ധമുണ്ടായിരുന്നെന്നും മാത്യു മൊഴി നൽകിയിരുന്നു.
ആറ് കൊലപാതകങ്ങൾ മാത്രമല്ല, ഏഴാമതൊരു കൊലപാതകത്തിന് കൂടി ശ്രമിച്ചിരുന്നുവെന്നു ജോളി പോലീസിന് ഇപ്പോൾ മൊഴി നൽകിയിട്ടുണ്ട്. മുൻ ഭർത്താവ് റോയ് തോമസിന്‍റെ സഹോദരി റെൻജിയെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നും , എന്നാൽ ആ പദ്ധതി പാളിപ്പോയി എന്നാണ ജോളി മൊഴി നൽകിയത്. കൂടത്തായിയിലെ വീട്ടിൽ നിന്നും ഇന്ന് രാവിലെയാണ് ജോളിയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ വീട്ടിലെത്തിയ ബന്ധുവിനോട് തനിയ്ക്ക് തെറ്റ് പറ്റിയെന്ന് കരഞ്ഞുകൊണ്ട് ജോളി സമ്മതിച്ചെന്നാണ് ബന്ധുക്കൾ പറയുന്നത്. 2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് ഒരു കുടുംബത്തിലെ ആറുപേര്‍ ഒരേസാഹചര്യത്തില്‍ മരിച്ചത്.
Post Your Comments