വളര്‍ത്തു മൃഗങ്ങളെ പലരും കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് കാണുന്നത്. തങ്ങളുടെ ഓമന മൃഗങ്ങള്‍ക്ക് ചെറിയ എന്തെങ്കിലും അസുഖങ്ങള്‍ വന്നാല്‍ പോലും സഹിക്കാന്‍ കഴിയില്ല. അപ്പോള്‍ പിന്നെ കെയര്‍ ഹോമിലാക്കിയിട്ട് പോയ തിരികെയെത്തുമ്പോള്‍ അവശനിലയിലായാലോ. ഉടമയ്ക്ക് സഹിക്കാനാവില്ല എന്നു മാത്രമല്ല, അവര്‍ പ്രതികരിക്കുകയും ചെയ്യും.
അത്തരത്തില്‍ രസകരമായ ഒരു സംഭവമാണ് ഇപ്പോള്‍ ചൈനയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.സൗത്ത് ചൈനക്കാരനായ സവോ എന്നയാള്‍ തന്റെ പൂച്ചയെ ഒരു ദിവസത്തേക്ക് മാത്രമായി കെയര്‍ ഹോമിലാക്കി. സവോയും ഭാര്യയും ഒരു ദൂരയാത്രയ്ക്ക് പോകുന്നതിനാലാണ് റഷ്യന്‍ ബ്ലൂ വിഭാഗത്തില്‍പ്പെട്ട പൂച്ചയെ കെയര്‍ ഹോമിലാക്കിയത്. തന്റെ പൂച്ചയെ നന്നായി നോക്കണമെന്ന് പ്രത്യേകം നിര്‍ദേശിച്ച ശേഷമാണ് സവോ പോയത്. പോകുമ്പോള്‍ കെയര്‍ ഹോമിലെ ജീവനക്കാരോട് സവോ ഒരു കാര്യം കൂടി പറഞ്ഞിരുന്നു. പൂച്ചയെ വന്ധ്യംകരിച്ചിട്ടില്ലാത്തതിനാല് പെണ്‍പൂച്ചകളുമായി ഇടപഴകാന്‍ അനുവദിക്കരുതെന്നായിരുന്നു ആ നിര്‍ദേശം.
എന്നാല്‍ ജീവനക്കാര്‍ വൈകീട്ട് വീട്ടിലേക്ക് മടങ്ങുമ്പോള്‍ സവോയുടെ പൂച്ചയെ കൂട്ടിലാക്കാന്‍ മറന്നുപോയി. പിറ്റേന്ന് സവോയെത്തി പൂച്ചയെ തിരികെ വാങ്ങുമ്പോള്‍ അത് ഏറെ അവശനായിരുന്നു. എന്ത് സംഭവിച്ചുവെന്നറിയാതെ സവോയ്ക്ക് സങ്കടമായി. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച് പൂച്ചയ്ക്ക് ആവശ്യമായ ചികിത്സകള്‍ നല്കി. പേടിക്കാനൊന്നുമില്ല അല്പം ക്ഷീണിതനാണ് പൂച്ചയെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. തുടര്‍ന്ന് പൂച്ചയ്ക്ക് ഗ്ലൂക്കോസ് കയറ്റാനും ഡോക്ടര്‍മാര്‍ തീരുമാനിച്ചു.
പൂച്ചയ്ക്ക് വിദഗ്ദ്ധമായ ചികിത്സ നല്കിയ ശേഷമായിരുന്നു സവോ തന്റെ പൂച്ചയ്ക്ക് സംഭവിച്ചതെന്താണെന്ന് അന്വേഷിച്ചത്. കെയര്‍ ഹോമിലെ ജീവനക്കാര്‍ കൃത്യസമയത്ത് ഭക്ഷണം നല്‍കാത്തതാണ് പൂച്ചയുടെ അവശനിലയ്ക്ക് കാരണമെന്നായിരുന്നു അയാള്‍ ആദ്യം കരുതിയിരുന്നത്. എന്നാല്‍ എന്നാല്‍ കെയര്‍ ഹോമിലെ സിസിടിവി പരിശോധിച്ച സവോ സത്യം തിരിച്ചറിഞ്ഞതോടെ ഞെട്ടി. കൂട്ടിലാക്കാതിരുന്നതോടെ കെയര്‍ ഹോമിനകത്ത് യഥേഷ്ടം ഓടി നടന്ന പൂച്ച അവിടെയുണ്ടായിരുന്ന അഞ്ച് പെണ്‍പൂച്ചകളുമായി പല സമയങ്ങളിലായി ഇണ ചേര്‍ന്നു. ഒറ്റരാത്രി കൊണ്ട് ഇത്രയധികം തവണ ലൈംഗികബന്ധത്തിലേര്പ്പെട്ടതോടെയാണ് പൂച്ച അവശനിലയിലായതെന്നും അതാണ് ഇപ്പോഴത്തെ ക്ഷീണത്തിന് കാരണമെന്നും സവോ മനസിലാക്കി. പിന്നീട് വിവരമറിഞ്ഞ ഡോക്ടര്‍മാരും ഇത് ശരിവച്ചു.
ഏതായാലും പൂച്ചയെ ഉത്തരവാദിത്തപൂര്‍വ്വം നോക്കാതിരുന്ന കെയര്‍ ഹോം ജീവനക്കാരില്‍ നിന്ന് സവോ ആശുപത്രിച്ചെലവ് ഈടാക്കി. സവോയുടെ പൂച്ച, ഇണ ചേര്‍ന്ന അഞ്ച് പെണ്‍പൂച്ചകളുടെ ഉടമസ്ഥരും കെയര്‍ ഹോം ജീവനക്കാരോട് നഷ്ടപരിഹാരം നല്കാന് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
Post Your Comments