Latest NewsKeralaNews

കൂടത്തായി കൊലപാതക്കേസിലെ പ്രതികള്‍ക്ക് വേണ്ടിയും ആളൂര്‍? പിന്നില്‍ പ്രവാസിയെന്ന് സൂചന

കോഴിക്കോട്: കൂടത്തായി കൊലപാതക്കേസിലെ പ്രതികള്‍ക്ക് വേണ്ടി അഡ്വ. ബി.എ. ആളൂര്‍ ഹാജരാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ആളൂരിനെ കേസുമായി ബന്ധപ്പെട്ടത് ഒരു പ്രവാസി മലയാളിയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ ദുരൂഹമായി കൊല്ലപ്പെട്ട സംഭവത്തില്‍ മരിച്ച ഗൃഹനാഥന്‍ ടോം തോമസിന്റെ മകന്‍ റോയിയുടെ ഭാര്യ ജോളി കുറ്റം സമ്മതിച്ചു. ഇന്ന് രാവിലെയാണ് ജോളിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത അന്വേഷണ സംഘം ജോളിയെ വിശദമായി ചോദ്യം ചെയ്തിരുന്നു. ജോളിയെ കൂടാതെ മൂന്ന് പേരെ കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു സ്‌കറിയ, പിതാവ് സ്‌കറിയ, സയനൈഡ് എത്തിച്ച ബന്ധു മാത്യു എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. അതേസമയം ഷാജു സ്‌കറിയക്കൊപ്പം ജീവിക്കാന്‍ ആഗ്രഹിച്ച ജോളി അതിനായി ആറ് പേരേയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.

ജോളിയുടെ ഭര്‍ത്താവ് റോയി, റോയിയുടെ പിതാവ് റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, ടോം തോമസിന്റെ സഹോദര പുത്രന്‍ ഷാജു സ്‌കറിയയുടെ ഭാര്യ സിലി, മകള്‍ അല്‍ഫോണ്‍സ, അന്നമ്മയുടെ സഹോദരന്‍ മാത്യു എന്നിവരാണ് പന്ത്രണ്ട് വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത്. ആദ്യം കൊല്ലപ്പെട്ടത് അന്നമ്മയായിരുന്നു. 2002 ആഗസ്റ്റ് 22 നായിരുന്നു അന്നമ്മയുടെ മരണം. തുടര്‍ന്ന് 2008 ആഗസ്റ്റ് 26 ന് ടോം തോമസ് മരണപ്പെട്ടു. 2011 സെപ്തംബര്‍ 30 ന് റോയിയും 2014 ഫെബ്രുവരി 24 ന് മാത്യുവും കൊല്ലപ്പെട്ടു. രണ്ട് വയസ് മാത്രം പ്രായമുണ്ടായിരുന്ന അല്‍ഫോണ്‍സ 2014 മെയ് 3 നാണ് മരിച്ചത്. തുടര്‍ന്ന് 2016 ജനുവരി പതിനൊന്നിന് സിലിയും മരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button