KeralaLatest NewsNews

തൃശൂര്‍: പെണ്‍വാണിഭ സംഘം 19 കാരിയെ ആറുമാസത്തോളം പീഡിപ്പിച്ചു

തൃശൂര്‍•തൃശൂര്‍, മലപ്പുറം ജില്ലകളില്‍ സജീവമായ ആറോളം സെക്സ് റാക്കറ്റുകള്‍ കൗമാരക്കാരിയായ പെണ്‍കുട്ടിയെ കുടുക്കിയെന്ന പരാതിയില്‍ ചാലക്കുടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നടന്ന അന്വേഷണത്തില്‍, ഇരയെ ആറുമാസത്തോളം പീഡിപ്പിച്ചുവെന്നും 30 ഓളം പേർ കുറ്റകൃത്യത്തിൽ പങ്കാളികളാണെന്നും കണ്ടെത്തല്‍.

19 കാരിയായ യുവതിയെ ഈ വര്‍ഷം ജനുവരിയിലാണ് പ്രധാന പ്രതിയായ വടനപ്പള്ളി ചിരായത്ത് ചന്ദ്രമോഹന്‍ ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ടതെന്ന് ചാലക്കുടി ഡി.വൈ.എസ്.പി സി.ആര്‍. സന്തോഷ്‌ പറഞ്ഞു.

തുടര്‍ന്ന് പെണ്‍കുട്ടിയെ ഒരു മോഡലാക്കാമെന്ന് വാഗ്ദാനം ചെയ്ത ശേഷം, പെണ്‍വാണിഭ സംഘത്തില്‍ ഉള്‍പ്പെട്ട ദമ്പതികളുടെ സഹായത്തോടെ അയാൾ അവളെ സമീപത്തുള്ള അത്താണിയിലെ ഒരു ലോഡ്ജിലേക്ക് കൊണ്ടുപോയി.

ലോഡ്ജിലെ ഒളിക്യാമറകള്‍ ഉപയോഗിച്ച് പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയും പിന്നീട് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ അവളെ ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തു.

കേസില്‍ രണ്ട് സ്ത്രീകളടക്കം ആറുപേരെ അറസ്റ്റ് ചെയ്തതായി 13 അംഗം അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന ഡി.വൈ.എസ്.പി അറിയിച്ചു.

പ്രതികളിലൊരാളായ ആതിരപ്പള്ളിക്കടുത്തുള്ള വെറ്റിലപ്പാറ സ്വദേശിയായ സിന്ധു, പെണ്‍കുട്ടിയെ ചാലക്കുടിയിലെ പോട്ടയ്ക്കടുത്തുള്ള വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ചും പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു.

മാനസികമായും ശാരീരികമായും അനാരോഗ്യം കണ്ടതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ കൗൺസിലിംഗിന് കൊണ്ടുപോയപ്പോഴാണ് പെണ്‍കുട്ടി ദുരവസ്ഥ വെളിപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

പീഡനത്തിനിരയായ പെൺകുട്ടിയെ പകൽ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയതായും പീഡനത്തെക്കുറിച്ച് മാതാപിതാക്കൾക്ക് അറിയില്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button