വാന്‍കൂവര്‍: വാന്‍കുവറില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള അപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ചയാണ് കെട്ടിടത്തിന്റെ ലോബിയില്‍ വെച്ച് ഒരാള്‍ വെടിയുതിര്‍ത്തത്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അഗ്‌നിശമന അധികൃതര്‍ അറിയിച്ചു.
സ്മിത്ത് ടവര്‍ കെട്ടിടത്തിലാണ് ആക്രമണം നടന്നത്. ഇവിടുത്തെ താമസക്കാരനായ റോബര്‍ട്ട് ഇ. ബ്രെക്കാണ് വ്യാഴാഴ്ച വൈകുന്നേരം ആക്രമണം നടത്തിയത്. ഇയാള്‍ പിന്നീട് കീഴടങ്ങിയതായി വാന്‍കൂവര്‍ പോലീസ് വക്താവ് കിം കാപ്പ് പറഞ്ഞു.
കൊലപാതകം, കൊലപാതകശ്രമം എന്നീ കുറ്റങ്ങള്‍ പ്രകാരമാണ് ബ്രെക്കിനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാള്‍ ഇപ്പോള്‍ ക്ലാര്‍ക്ക് കൗണ്ടി ജയിലിലാണ്. ഇയാളുടെ അഭിഭാഷകനെക്കുറിച്ചുള്ള കൂടുതല്‍ കാര്യം വ്യക്തമല്ല. സംഭവത്തെ തുടര്‍ന്ന് കെട്ടിടത്തിന്റെ ചില ഭാഗങ്ങളില്‍ നിന്നും താമസക്കാര്‍ ഒഴിഞ്ഞു പോയിരുന്നു. മറ്റ് താമസക്കാരോട് അവരുടെ അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ തന്നെ തുടരാന്‍ പോലീസ് നിര്‍ദേശം നല്‍കി. വ്യാഴാഴ്ച വൈകുന്നേരത്തോടെ എല്ലാവരെയും താമസസ്ഥലത്തേക്ക് തിരിച്ചയച്ചതായി പോലീസ് വ്യക്തമാക്കി. വെടിവയ്പിലേക്ക് നയിച്ചതിനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.പ്രദേശത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പട്രോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പകരം പ്രത്യേകം പരിശീലനം നേടിയ ഉദ്യോഗസ്ഥരെ നിയമിച്ചതായി കാപ്പ് വ്യക്തമാക്കി.
Post Your Comments