നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ എസ്-പ്രെസോയെ വിപണിയിൽ എത്തിച്ച് മാരുതി സുസുക്കി. പുതിയ ഒരു വാഹനം എന്നതിനെക്കാൾ പുതിയ ഒരു വാഹന ശ്രേണിയിലേക്കുള്ള ചുവട് വെയ്പ്പാണ് മാരുതി സുസുക്കി നടത്തിയത്. മാരുതിയുടെ ഹാര്‍ട്ടെക്ട് പ്ലാറ്റ്‌ഫോമില്‍ ബോക്സി ഡിസൈനിലാണ് നിർമാണം. എസ്.യു.വികളോട് സാമ്യം തോന്നിപ്പിക്കുന്ന മുൻഭാഗം,ഡ്യുവല്‍ ടോണ്‍ ബമ്പര്‍, മസ്‌കുലാര്‍ ബോഡി, ക്രോമിയം ഗ്രില്‍, സ്‌കിഡ് പ്ലേറ്റ്, ചെറുതാണെങ്കിലും ഉയര്‍ന്നുനില്‍ക്കുന്ന ബോണറ്റ്, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയാണ് പുറംഭാഗത്തെ പ്രത്യേകതകൾ.
ഓള്‍ ബ്ലാക്ക് ഇന്റീരിയറിലെ ഡാഷ്ബോര്‍ഡില്‍ ഇടം നേടിയ ഓറഞ്ച് നിറം, സ്മാര്‍ട്ട് കണക്ടിവിറ്റിയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റീയറിങ് വീല്‍, നടുവിലായി ഇടം നേടിയ ഡിജിറ്റല്‍ മീറ്റര്‍ കണ്‍സോള്‍ എന്നിവയാണ് ഉൾഭാഗത്തെ പ്രധാന പ്രത്യേകതകൾ. ഡ്യുവല്‍ എയര്‍ബാഗ് സഹിതം പത്തിലേറെ സുരക്ഷാ സന്നാഹങ്ങള്‍ എസ്-പ്രെസോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബിഎസ് 6 നിലവാരത്തിലുള്ള 998 സിസി പെട്രോള്‍ എൻജിൻ 5500 ആര്‍പിഎമ്മില്‍ 67 ബിഎച്ച്പി പവർ ഉൽപാദിപ്പിച്ച് വാഹനത്തെ നിരത്തിൽ കരുത്തനാക്കുന്നു. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം ഓട്ടോമാറ്റിക് വകഭേദവും, 13, 14 ഇഞ്ച് വീലുകളിലും വാഹനം ലഭ്യമാണ്. സ്റ്റാന്റേര്‍ഡ്, LXi, VXi, VXi+ എന്നീ ഒമ്പത് വകഭേദങ്ങളിലെത്തുന്നഎസ്-പ്രെസോയ്ക്ക് 3.69 ലക്ഷം രൂപ മുതല്‍ 4.91 ലക്ഷം രൂപ വരെയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. വിപണിയിൽ റെനോൾട്ട് ക്വിഡുമായായിരിക്കും മത്സരിക്കുക.
Post Your Comments