ശിവസാഗര്‍ : ട്രെയിനിലെ ശുചിമുറിയില്‍ സ്ത്രീകള്‍ കൊല്ലപ്പെട്ട സംഭവം , പ്രതിയ്ക്ക് വധശിക്ഷ. കൊലയാളിയിലേയ്ക്ക് പൊലീസിനെ നയിച്ചത് തുവാലയും. അസമിനെ നടുക്കിയ ഇരട്ടക്കൊലക്കേസിലാണ് പ്രതിക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. . രണ്ടുസ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ ട്രെയിനിലെ ശുചിമുറിയില്‍ തള്ളിയ സംഭവത്തിലാണ് ശിവസാഗര്‍ സെഷന്‍സ് കോടതി വിധി പ്രസ്താവിച്ചത്.
കേസിലെ പ്രതിയായ ബികാശ് ദാസിനെതിരെ ചുമത്തിയ കൊലപാതകക്കുറ്റവും ബലാത്സംഗക്കുറ്റവും ശരിവെച്ചായിരുന്നു വിധി. വധശിക്ഷയ്ക്കൊപ്പം ജീവപര്യന്തം തടവും പതിനായിരം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ മൂന്നുമാസം കൂടി തടവ് അനുഭവിക്കേണ്ടിവരും.
2018 ജൂലായിലാണ് രണ്ടുദിവസങ്ങളിലായി രണ്ടുസ്ത്രീകളെ ട്രെയിനിലെ ശുചിമുറിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ജൂലായ് പത്തിന് സിമാലുഗുരി റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ്കാമാഖ്യ എക്സ്പ്രസിലെ ശുചിമുറിയില്‍ 21-കാരിയായ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടത്. തൊട്ടടുത്തദിവസം ദിബ്രുഘട്ട്-രാജസ്ഥാന്‍ ആവാദ് അസം എക്സ്പ്രസിലെ ഭിന്നശേഷിക്കാരുടെ കോച്ചിലെ ശുചിമുറിയില്‍ മറ്റൊരു സ്ത്രീയെയും കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി.
സംഭവത്തില്‍ ബികാശ് ദാസിനെ ജൂലായ് 12-ന് തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലപ്പെട്ട രണ്ട് സ്ത്രീകളുടെയും മൃതദേഹങ്ങളില്‍നിന്ന് കണ്ടെത്തിയ ഗമോസ(അസമിലെ നെയ്ത്തുതൂവാല) യായിരുന്നു അന്വേഷണത്തില്‍ വഴിത്തിരിവായത്. ഈ ദിവസങ്ങളില്‍ ബികാശ് ദാസിനെ ഇത്തരം തൂവാലകളുമായി സുരക്ഷാ ജീവനക്കാര്‍ കണ്ടിരുന്നു. ഇതോടെയാണ് അന്വേഷണം ബികാശ് ദാസിലെത്തിയത്. പ്രതിയില്‍നിന്ന് സ്ത്രീകളുടെ മൊബൈല്‍ഫോണുകളും ആഭരണങ്ങളും കണ്ടെത്തിയതും നിര്‍ണായകമായി.
Post Your Comments