ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസില്‍ ജാമ്യം തേടി മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം സുപ്രീംകോടതിയെ സമീപിച്ചു. ഡല്‍ഹി ഹൈകോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് ചിദംബരത്തിന്റെ നീക്കം. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ചിദംബരത്തിനായി ഹര്‍ജി സമര്‍പ്പിച്ചത്. ജസ്റ്റിസ് എന്‍.വി രമണയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ചിന് മുമ്പാകെയാണ് ഹര്‍ജി അതിവേഗം പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. സഞ്ജീവ് ഖന്ന, കൃഷ്ണ മുരാരി എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയിയായിരിക്കും ഹര്‍ജി ലിസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. ഹര്‍ജി അതിവേഗം പരിഗണിക്കണമെന്ന് സിബല്‍ സുപ്രീകോടതിയോട് അഭ്യര്‍ത്ഥിച്ചു.അതേസമയം, ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി ഡല്‍ഹിയിലെ പ്രത്യേക കോടതി ഒക്ടോബര്‍ 17 വരെ നീട്ടി. ചിദംബരത്തിന്റെ ജാമ്യഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതു ചൂണ്ടിക്കാട്ടിയാണ് ജുഡീഷല്‍ കസ്റ്റഡി നീട്ടിയത്. കഴിഞ്ഞ 21നു രാത്രിയാണ് ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തത്.
എന്നാല്‍, ചിദംബരത്തിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത കോടതി, ആശുപത്രിയിലെത്തിച്ച് ആവശ്യമായ പരിശോധനകള്‍ നടത്താന്‍ നിര്‍ദേശിച്ചു. ഇക്കാരണത്താല്‍ ചിദംബരത്തിനു വസതിയില്‍ നിന്ന് ആഹാരം എത്തിച്ചു നല്‍കാനും കോടതി അനുവദിച്ചു. സെപ്തംബര്‍ 5 മുതല്‍ ചിദംബരം ജുഡിഷ്യല്‍ കസ്റ്റഡിയില്‍ തിഹാര്‍ ജയിലിലാണ്.
Post Your Comments