ശ്രീനഗര്‍: ജമ്മു കാശ്മീരിലെ വിഘടന വാദി നേതാക്കളെ വീട്ടു തടങ്കലിലാക്കിയ ശേഷം സംസ്ഥാനത്തെ രക്തച്ചൊരിച്ചില്‍ ഇല്ലാതാക്കിയെന്ന് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി എടുത്തു കളഞ്ഞതിന് മുന്നോടിയായി വീട്ടുതടങ്കലിലാക്കിയ നേതാക്കളില്‍ മുന്‍ മുഖ്യമന്ത്രിമാരായ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള, പിഡിപി നേതാവ് മെഹബൂബ മുഫ്തി തുടങ്ങിയവരെ ഉടന്‍ വിട്ടയക്കില്ല.
പ്രാദേശിക തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ജമ്മു മേഖലയിലെ നേതാക്കളെ വിട്ടയക്കാനുള്ള ശ്രമം തുടങ്ങിയെങ്കിലും കശ്മീര്‍ നേതാക്കളുടെ കാര്യത്തില്‍ തീരുമാനമായില്ല. ഈ നേതാക്കളെ തടവില്‍ വെച്ചതുകൊണ്ടു മാത്രമാണ് രക്തച്ചൊരിച്ചില്‍ ഒഴിവായതെന്ന് ജമ്മു -കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ നായ്കിന്റെ ഉപദേശകനായ ഫറൂഖ് ഖാന്‍ എന്‍ഡിടിവിയോട് പറഞ്ഞു.
സമാനമായ സാഹചര്യങ്ങള്‍ മുമ്പ് ഉണ്ടായപ്പോള്‍ കശ്മീരില്‍ വലിയ രീതിയില്‍ രക്തച്ചൊരിച്ചില്‍ ഉണ്ടായിട്ടുണ്ടെന്ന് ഫറൂഖ് ഖാന്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ആ സാഹചര്യമുണ്ടാവാത്തത് നേതാക്കളെ തടങ്കലില്‍ പാര്‍പ്പിച്ചതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരില്‍ ബ്ലോക് ഡെവലപ്‌മെന്റ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇതിന് മുമ്പായി കശ്മീരി നേതാക്കളെ പുറത്തുവിടാനുള്ള തീരുമാനങ്ങളൊന്നും സര്‍ക്കാര്‍ എടുത്തിട്ടില്ല. ഓരോരുത്തരുടേയും കാര്യത്തില്‍ കൂടുതല്‍ വിശകലനങ്ങള്‍ നടത്തിയ ശേഷം മാത്രമേ തീരുമാനമെടുക്കുകയുള്ളൂ- അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നവംബറില്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് 12,000 സീറ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്.
Post Your Comments