Latest NewsNewsIndia

രാജ്യത്ത് അസഹിഷ്ണുതയെന്ന് ആരോപിച്ചു; മത വികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചു; അടൂര്‍ ഉള്‍പ്പെടെ അന്‍പതോളം പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം

ന്യൂഡല്‍ഹി : രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിക്കുന്നുവെന്നും ജയ് ശ്രീറാം വിളി പോര്‍ വിളിയാകുന്നു എന്നും ആരോപിച്ച് പ്രധാന മന്ത്രിക്ക് കത്തയച്ച സംഭവത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനുള്‍പ്പെടെ അമ്പതോളം പേര്‍ക്കെതിരെ കേസ്. ബീഹാറിലെ മുസഫര്‍പുര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സൂര്യകാന്ത് തിവാരിയാണ് ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കാന്‍ ഉത്തരവിട്ടത്.

അമ്പതോളം പേര്‍ക്കെതിരെയാണ് കേസ്. ജയ്ശ്രീറാം വിളിക്കാത്തതിന്റെ പേരിലുള്ള അക്രമങ്ങളും ആള്‍ക്കൂട്ടകൊലപാതകങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ആശങ്കയറിയിച്ച് ഇവര്‍ മോദിക്ക് കത്ത് എഴുതിയത്. അതേസമയം, കേസെടുത്തതിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു.

പ്രാധാനമന്ത്രിയ്ക്ക് അയച്ച കത്ത് രാജ്യത്തിന്റ പ്രതിച്ഛായ്ക്ക് മങ്ങലേല്‍പ്പിച്ചെന്നും, മതവികാരം വൃണപ്പെടുത്തിയെന്നും, ആരോപിച്ച് അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജ നല്‍കിയ പരാതിയിലാണ് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടത്. കത്തിലൂടെ പ്രധാനമന്ത്രിയെ അപമാനിക്കാനാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍ ശ്രമിച്ചിരിക്കുന്നതെന്നും പരാതിയില്‍ ആരോപിക്കുന്നു. ഹിന്ദുമഹാസഭ നല്‍കിയ പരാതിയില്‍ മുംബൈയിലെ സദര്‍ പൊലീസാണ് കേസെടുത്തതെന്നും റിപ്പോര്‍ട്ടുണ്ട്. തന്റെ പരാതിയിന്മേലുണ്ടായ ഉത്തരവിനെത്തുടര്‍ന്നാണ് സദര്‍ പോലീസ് കേസെടുത്തതെന്ന് ഓജ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

രാജ്യദ്രോഹം പ്രവര്‍ത്തിച്ചു, സമാധാനം തകര്‍ക്കുക്ക എന്ന ലക്ഷ്യത്തോടെ മതവികാരം വ്രണപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് കത്തയച്ചവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജയ്ശ്രീറാം വിളി പ്രകോപനപരമായ പോര്‍വിളിയായി മാറിയെന്ന് കത്തില്‍ ഇവര്‍ അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കുമെതിരായി നടക്കുന്ന അതിക്രമങ്ങളും ആള്‍ക്കൂട്ട ആക്രമണങ്ങളും അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

എഴുത്തുകാരന്‍ രാമചന്ദ്ര ഗുഹ, ചലചിത്ര പ്രവര്‍ത്തകരായ മണിരത്നം, അനുരാഗ് കശ്യപ്, രേവതി, അപര്‍ണ സെന്‍ തുടങ്ങി 50 ഓളം പ്രമുഖ വ്യക്തികള്‍ കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button