ബോവിക്കാനം: മാലിന്യ ശേഖരണത്തിനു പഞ്ചായത്ത് നടപടിയെടുക്കാത്തതിനാല്‍ ബോവിക്കാനം ടൗണില്‍ മാലിന്യം കത്തിക്കുന്നതു നിത്യസംഭവമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ഇത്തരത്തില്‍ തീയിട്ടത് വിനയായി. കത്തിച്ച മാലിന്യത്തില്‍ നിന്നു തീപടര്‍ന്നു റോഡരികില്‍ നിര്‍ത്തിയിട്ട കാറിനു തീപിടിച്ചു. ബോവിക്കാനത്തെ ജ്വല്ലറി ഉടമ കാനത്തൂരിലെ സി. ബാലകൃഷ്ണന്റെ കാറിനാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ തീപിടിച്ചത്.
രാത്രിയില്‍ റോഡരികിലും കടകള്‍ക്കു മുന്നിലും കൂട്ടിയിട്ടാണ് ഇവ കത്തിക്കുന്നത്. പ്ലാസ്റ്റിക് അടക്കമാണു കത്തിക്കുന്നത്. തീയണഞ്ഞെങ്കിലും ഇതിന്റെ കനല്‍ ബാക്കിയുണ്ടായിരുന്നു. ഉച്ച സമയത്തെ കാറ്റില്‍ ഈ കനലില്‍ നിന്നു കാറിലേക്ക് തീ പടരുകയായിരുന്നു. സാധാരണ നിര്‍ത്തിയിടാറുള്ള സ്ഥലത്ത് തന്നെയാണ് ബാലകൃഷ്ണന്‍ കാര്‍ പാര്‍ക്കു ചെയ്തിരുന്നത്.
എന്നാല്‍ തലേന്നു രാത്രി ഇവിടെ ആരോ മാലിന്യം കൂട്ടിയിട്ടു തീയിട്ടിരുന്നു. കാറിന്റെ ഒരു ടയറും ബോണറ്റും കത്തിനശിച്ചു. കാറില്‍ നിന്നു പുക ഉയരുന്നതു ശ്രദ്ധിച്ചപ്പോഴാണു മുന്‍ഭാഗം കത്തുന്നതു കണ്ടത്. ഉടന്‍ തന്നെ വ്യാപാരികളും നാട്ടുകാരും ചേര്‍ന്ന് തീയണക്കുകയായിരുന്നു. പെട്ടെന്നു തീയണച്ചതിനാല്‍ കൂടുതല്‍ നഷ്ടം ഒഴിവായി. ഒന്നര ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
Post Your Comments