KeralaLatest NewsNews

ശബരിമല വിഷയത്തിൽ നിന്ന് തന്ത്രപൂർവം വഴുതിമാറി സി പി എം; നിലപാടുകൾ മാറ്റാൻ വൈരുദ്ധ്യാത്മക ഭൗതിക വാദികൾ തയ്യാറല്ല; പാലായിലെ പതിനെട്ടാമത്തെ അടവ് കോന്നിയിലും പയറ്റാൻ പിണറായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലും പാലായിൽ പ്രയോഗിച്ച പതിനെട്ടാമത്തെ അടവുനയം പയറ്റാനൊരുങ്ങുകയാണ് പിണറായി സർക്കാർ. ലോക്‌‌സഭാ തിരഞ്ഞെടുപ്പിലെന്നപോലെ ശബരിമല വിഷയം യു.ഡി.എഫും ബി.ജെ.പിയും ഉപതെരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാക്കാൻ ശ്രമിക്കുമ്പോൾ അതിൽ പിടികൊടുക്കാതെ തന്ത്രപൂർവം വഴുതിമാറുകയാണ് ഇടതുമുന്നണി. ശബരിമലയുടെ പേരിൽ തങ്ങളുടെ വൈരുദ്ധ്യാത്മക ഭൗതിക വാദം തിരുത്താൻ തയ്യാറല്ലെന്ന് മഞ്ചേശ്വരം സ്ഥാനാർത്ഥി ശങ്കർ റൈ ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു.

പാലായിലും ഇതേ തന്ത്രമാണ് മുന്നണി പയറ്റിയത്. അതേരീതിയിൽ മറ്റ് വിഷയങ്ങൾക്ക് ഊന്നൽകൊടുത്ത് പ്രചാരണം ആ വഴിക്ക് തിരിക്കാനാണ് ഇടതുമുന്നണിയുടെശ്രമം. പാലായിൽ നടത്തിയ പരീക്ഷണത്തിലൂടെ അഞ്ച് മണ്ഡലങ്ങളിലും വിജയിച്ചുകയറാമെന്ന തന്ത്രമാണ് ഇടതിന്റെ അണിയറയിൽ തയാറാകുന്നത്. എന്നാൽ ഇത് കോന്നിയിൽ ചിലവാകുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് കനത്ത തോൽവി ഏറ്റുവാങ്ങേണ്ടിവന്നത് ശബരിമല വിഷയം കത്തിജ്വലിച്ചതുകൊണ്ടായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം ശബരിമല വിഷയത്തിലെ പാർട്ടി നിലപാട് ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ കഴിയാത്തതിനാലാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി തന്നെ വിലയിരുത്തിയിരുന്നു. ഇതേതുടർന്നാണ് പരിഹാര നടപടികളുമായി സി.പി.എം ഗൃഹ സമ്പർക്കത്തിനിറങ്ങിയത്.

ഉപതെരഞ്ഞെടുപ്പുകളിൽ ശബരിമല വിഷയം പ്രധാന ചർച്ചയായി ഉയർന്നുവരില്ലെന്ന പ്രതീക്ഷയും സി.പി.എമ്മിനുണ്ട്. എതിരാളികൾ ശബരിമല വിഷയം സജീവമാക്കാൻ നോക്കിയാലും ആ ചൂണ്ടയിൽ കൊത്തേണ്ടെന്നാണ് സി.പി.എമ്മിന്റേയും ഇടതുമുന്നണിയുടേയും തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button