ദുബായ് : മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായ് സന്ദര്‍ശനത്തിനെത്തുന്നു. വ്യാഴാഴ്ച വൈകീട്ടാണ് മുഖ്യമന്ത്രി ദുബായിലെത്തുന്നത്. വെള്ളിയാഴ്ച നടക്കുന്ന മലയാളി നിക്ഷേപക സംഗമത്തില്‍ പെങ്കടുക്കുന്നതിനാണ് മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനം. കേരളത്തിലേക്ക് ഇടത്തരം, ചെറുകിട നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സംഗമം വഴിയൊരുക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.
പുതുതായി രൂപം നല്‍കിയ ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്റ് കമ്പനിയുടെ നേതൃത്വത്തിലാണ് ദുബായില്‍ വെള്ളിയാഴ്ച നിക്ഷേപ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. മാന്ദ്യം മുന്‍നിര്‍ത്തി പ്രവാസികളുടെ നിക്ഷേപം വിവിധ പദ്ധതികള്‍ക്കായി കേരളത്തിലേക്ക് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദുബായില്‍ സംഗമം ഒരുക്കിയിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച നിക്ഷേപ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുക, പ്രവാസികള്‍ക്ക് ഗുണകരമാകുന്ന നിക്ഷേപ പദ്ധതികള്‍ അവതരിപ്പിക്കുക എന്നീ രണ്ട് ലക്ഷ്യങ്ങളാണ് സംഗമം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ എന്നിവര്‍ പോയവാരം യു.എ.ഇയിലെത്തി വിവിധ പ്രവാസി കൂട്ടായ്മകളുടെ പിന്തുണ തേടിയിരുന്നു. പ്രായോഗിക തലത്തില്‍ എളുപ്പം നടപ്പാക്കാന്‍ കഴിയുന്ന ചില പദ്ധതികള്‍ മുഖ്യമന്ത്രി നിക്ഷേപകര്‍ക്ക് മുമ്പാകെ അവതരിപ്പിക്കും.
Post Your Comments