ന്യൂഡല്‍ഹി•സംസ്ഥാനത്തെ ദേശീയപാതാ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നു. ദേശീയ പാത 66ന്റെ വികസനവുമായി ബന്ധപ്പെട്ട് കേരളവും കേന്ദ്ര ഉപരിതലഗതാഗത ദേശീയപാത മന്ത്രാലയവും ധാരണാപത്രം ഒപ്പുവച്ചു. ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം ചെലവ് കേരളം ഏറ്റെടുക്കാമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗരിയെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ധാരണാപത്രം ഒപ്പുവച്ചത്.
ദേശീയ പാത 66ല്‍ തലപ്പാടി മുതല്‍ കഴക്കൂട്ടം വരെ 13 സ്‌ട്രെച്ചുകളിലായി 526 കി. മീ ദൂരം ആറുവരി പാതയായാണ് വികസിപ്പിക്കുന്നത്. തലപ്പാടി മുതല്‍ ചെങ്ങള വരെ 39 കി. മീ, ചെങ്ങള മുതല്‍ നീലേശ്വരം വരെ 37 കി. മീ ദൂരത്തില്‍ ആറുപരിപാതയായി ദേശീയപാതാ വികസിപ്പിക്കും. പേരോള്‍ – തളിപ്പറമ്പ സ്‌ട്രെച്ചില്‍ 40 കി. മീറ്ററും തളിപ്പറമ്പ മുതല്‍ മുഴപ്പിലങ്ങാട് വരെ 36 കി. മീറ്ററും, അഴിയൂര്‍ മുതല്‍ വെങ്ങലം വരെ 39 കി. മീറ്ററും വികസിപ്പിക്കും, രാമനാട്ടുകര മുതല്‍ കുറ്റിപ്പുറം വരെ 53 കി. മീ, കുറ്റിപ്പുറം മുതല്‍ കപ്പിരികാട് വരെ 24 കി. മീ, കപ്പിരിക്കാട് മുതല്‍ ഇടപ്പള്ളി വരെ 89 കി. മീ, തുറവൂര്‍ മുതല്‍ പറവൂര്‍ വരെ 38 കി. മീ പറവൂര്‍ മുതല്‍ കൊറ്റന്‍കുളങ്ങര വരെ 38 കി. മീറ്റര്‍ ദൂരത്തില്‍ വികസനം സാധ്യമാക്കും. കൊറ്റന്‍കുളങ്ങര മുതല്‍ കൊല്ലം ബൈപ്പാസിന്റെ തുടക്കം വരെ 32 കി. മീ, കൊല്ലം ബൈപ്പാസ് മുതല്‍ കടമ്പാട്ടുകോണം വരെ 32 കി. മീ, കടമ്പാട്ടുകോണം മുതല്‍ കഴക്കൂട്ടം വരെ 29 കി. മീറ്ററുമാണ് വികസിപ്പിക്കുക. ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരും ദേശീയപാത ഉദ്യോഗസ്ഥരും കേരളത്തില്‍ എത്തി നടപടി ക്രമങ്ങള്‍ക്ക് അന്തിമരൂപം നല്‍കും.
ദേശീയ പാതാ വികസനത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ദ്രുതഗതിയിലുള്ള നടപടികളാണ് കൈക്കൊണ്ടത്. സ്ഥലമേറ്റെടുപ്പിലെ പ്രശ്നങ്ങള്‍ കാരണം മുടങ്ങി കിടക്കുകയായിരുന്ന പദ്ധതിയാണ് സര്‍ക്കാരിന്റെ ഇഛാശക്തിയില്‍ പുനരാരംഭിക്കുന്നത് . ഇതിനായി കേന്ദ്രത്തില്‍ നിരന്തരസമ്മര്‍ദ്ദം സംസ്ഥാനസര്‍ക്കാര്‍ നടത്തി. ഓരോ ഘട്ടത്തിലും തടസ്സങ്ങള്‍ നീക്കാന്‍ മുഖ്യമന്ത്രി തന്നെ കേന്ദ്രമന്ത്രിയെ സന്ദര്‍ശിച്ച് ഇടപെടല്‍ നടത്തി. കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി കേന്ദ്രമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. ദേശീയപാതാ വികസനം സാധ്യമാകുന്നത് സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്കും ആക്കം കൂട്ടും.
Post Your Comments