തൊടുപുഴ: എം.എം. മണിയുടെ മരുമകൻ പ്രസിഡന്റായ സഹകരണ ബാങ്കിനു ക്രമവിരുദ്ധമായി പാട്ടത്തിന് ഭൂമി ലഭിച്ചത് കെഎസ്ഇബി യിൽ നിന്ന്. ഇടുക്കി ജില്ലയിൽ പൊൻമുടി അണക്കെട്ടിനു സമീപം കെഎസ്ഇബിയുടെ കൈവശമുള്ള 21 ഏക്കർ ഭൂമിയാണ് ക്രമവിരുദ്ധമായി വൈദ്യുതി മന്ത്രി എം.എം. മണിയുടെ മരുമകൻ പ്രസിഡന്റായ സഹകരണ ബാങ്കിനു നൽകിയത്. സിപിഎം നിയന്ത്രണത്തിലുള്ള രാജാക്കാട് സർവീസ് സഹകരണ ബാങ്കിനാണു പൊൻമുടി അണക്കെട്ടിനു സമീപത്തെ സർക്കാർ ഭൂമി പാട്ടത്തിനു നൽകിയത്. സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി അംഗം കൂടിയായ വി.എ. കുഞ്ഞുമോനാണ് ബാങ്ക് പ്രസിഡന്റ്.
ഫെബ്രുവരി 28 നു ചേർന്ന കെഎസ്ഇബിയുടെ ഫുൾ ബോർഡ് യോഗത്തിലെ തീരുമാനപ്രകാരമാണ് ഭൂമി നൽകിയത്. മന്ത്രി എം.എം. മണി അധ്യക്ഷനായിരുന്ന യോഗങ്ങളിലായിരുന്നു സർക്കാർ ഭൂമി പാട്ടത്തിനു നൽകുന്നതു സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടത്. കെഎസ്ഇബിക്കു കീഴിലുള്ള ഹൈഡൽ ടൂറിസത്തിന്റെ റിപ്പോർട്ട് പ്രകാരമാണ് ഈ നടപടി.
മന്ത്രി എം.എം. മണിയുടെ മകളും രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റുമായ സതിയുടെ ഭർത്താവാണു കുഞ്ഞുമോൻ. കെഎസ്ഇബിക്കു കീഴിൽ, വിനോദസഞ്ചാര സാധ്യതയുള്ള കേന്ദ്രങ്ങളുടെ സംരക്ഷണം ഹൈഡൽ ടൂറിസത്തിന്റെ നിയന്ത്രണത്തിലാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇത്തരം കേന്ദ്രങ്ങളുടെ പരിപാലനത്തിനായി സാമ്പത്തിക ഭദ്രതയുള്ള സഹകരണ സ്ഥാപനങ്ങളെ വിനോദസഞ്ചാര വികസനത്തിൽ പങ്കാളികൾ ആക്കണമെന്നു കഴിഞ്ഞ വർഷം മേയ് 5 നു ചേർന്ന ഹൈഡൽ ടൂറിസത്തിന്റെ ഗവേണിങ് ബോഡി തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാജാക്കാട് സഹകരണ ബാങ്കിനു ഭൂമി കൈമാറാനുള്ള അണിയറ നീക്കങ്ങൾ ആരംഭിച്ചത്.
Post Your Comments